തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ജോയിയുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും സജീവ ചർച്ചയായി മാലിന്യ പ്രശ്‌നം. വിഷയത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്ത്. ക്ലീൻ കേരള കമ്പനി, ഹരിത കർമ്മ സേന എന്നിവരുടെ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ പ്രതിപക്ഷ നേതാവ് മാലിന്യ പരിപാലനത്തിന് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് അടിസ്ഥാന രഹിതമായി ആരോപണം ഉന്നയിക്കുന്നതായി ചൂണ്ടിക്കാട്ടി മന്ത്രി എംബി രാജേഷ് ഇന്നലെ പ്രതിപക്ഷ നേതാവിന് തുറന്ന കത്തെഴുതി.
മന്ത്രി തന്നെ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ തുറന്ന കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇതിന് പിന്നാലെ ഇന്ന് മന്ത്രിക്ക് മറുപടി കത്ത് നൽകിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാലിന്യക്കൂമ്പാരത്തിന് നടുവില്‍ കിടന്നു കൊണ്ട് ഇവിടെ എല്ലാം ശരിയാക്കിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി, കത്തിൽ അടുത്തിടെ സംസ്ഥാനത്തുണ്ടായ മാലിന്യ പ്രശ്‌നങ്ങൾ എണ്ണി പറഞ്ഞും വിമർശനം ഉന്നയിച്ചു.