കോഴിക്കോട്:മുത്താച്ചിയെ സ്‌തുതിച്ചുള്ള തോറ്റം ഉച്ചസ്ഥായിയിലെത്തി. കാവിന്‍റെ തിരുമുറ്റത്ത് തുടിയുടെ താളം മുറുകി. നാൽപ്പത്തിരണ്ടര വെള്ളാട്ട് ആരംഭിക്കുകയാണ്. കയ്യിൽ കുറുവടിയുമായി നാൽപ്പത്തി രണ്ടര വെള്ളാട്ടുകൾ പ്രത്യേക താളം ചവിട്ടി മുത്താച്ചിയെ വലം വച്ചു. അനുഗ്രഹം ഏറ്റുവാങ്ങി ഭക്തർ സാകൂതം വണങ്ങി നിന്നു. മാവൂർ തെങ്ങിലക്കടവിലെ മുത്താച്ചി കാവിൽ കുംഭം ഒന്നിന് നടക്കുന്ന ഉത്സവത്തിന് സമാപനം കുറിക്കുകയാണ്.
ഗ്രാമീണ സംസ്‌കാരത്തിന്‍റെ പൈതൃകമോതുന്ന ഉത്സവമാണ് മുത്താച്ചി കാവിലെ നാൽപ്പത്തിരണ്ടര വെള്ളാട്ട്. പണ്ടുകാലത്ത് മുത്താച്ചിക്കാവിലും അതിനോടനുബന്ധിച്ചുള്ള ഗ്രാമച്ചന്തയിലുമെത്തിയാണ് ഒരു വർഷത്തേക്ക് വേണ്ട വീട്ടു സാധനങ്ങളും കാർഷിക ഉപകരണങ്ങളും വാങ്ങിക്കുന്നത്. കൂടാതെ കൃഷിക്കാവശ്യമായ വിത്തുകളും ശേഖരിക്കുന്നത് മുത്താച്ചിക്കാവിൽ നിന്നാണ്.