കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാം പ്രതിയെ തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരെ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്. ബോംബ് സ്ഫോടനത്തിലും നിർമാണത്തിലും പാർട്ടിക്ക് ഒരു പങ്കും ഇല്ലെന്ന് പറയുമ്പോഴാണ് രണ്ടാം പ്രതിയായ വലിയപറമ്പത്ത് വിപി വിനീഷിനെ സിപിഎം നിയന്ത്രണത്തിലുള്ള തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു.
സ്ഫോടനത്തിൽ ഇടതു കൈപ്പത്തി അറ്റുപോയി ഗുരുതരമായി പരിക്കേറ്റ് ഒരു മാസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനീഷിനെ കഴിഞ്ഞ ദിവസമാണ് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. വിനീഷിന്‍റെ ചികിത്സ ചെലവ് പാർട്ടി ഏറ്റെടുത്ത് ചെയ്യുകയാണെന്നും യുഡിഫ് ആരോപിച്ചു.
ആശുപത്രിയിൽ പൊലീസിന്‍റെ നിരീക്ഷണത്തിലുള്ള പ്രതിയെ ആശുപത്രി വിടുന്നതോടെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. എന്തുകൊണ്ട് സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള തലശേരി ആശുപത്രിയിലേക്ക് വിനീഷിനെ കൊണ്ടുവന്നെന്ന് അദ്ദേഹം ചോദിച്ചു. സിപിഎമ്മിന് ഈ കേസിൽ ശക്തമായ ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.