പൊന്ന്യത്തങ്കത്തിന് വീണ്ടും സാക്ഷിയായി ഏഴരക്കണ്ടം; ധീരന്മാരുടെ ഓര്‍മ പുതുക്കി അങ്കക്കളരി കണ്ണൂര്‍: വടക്കന്‍പാട്ടില്‍ പരാമര്‍ശിക്കുന്ന ഏഴരക്കണ്ടം അങ്കക്കളരിയില്‍ വീണ്ടും അങ്കം പുനരാവിഷ്‌ക്കരിച്ചു. തച്ചോളി ഒതേനനും കതിരൂര്‍ ഗുരുക്കളും അങ്കംവെട്ടി വീരമൃത്യു വരിച്ച പൊന്ന്യം ഏഴരക്കണ്ടം കളരി ഗുരുക്കന്‍മാരുടെ ചുരികയുടേയും വാളിന്‍റേയും ശീല്‍ക്കാരം കൊണ്ട് മുഖരിതമായി. അങ്കത്തട്ടില്‍ കളരി യോദ്ധാക്കളുടെ വായ്ത്താരി കൊണ്ട് ചുരികയും വാളുമേന്തിയുള്ള പ്രകടനം മുറുകുമ്പോള്‍ ചുറ്റും കൂടി നിന്ന് കയ്യടിച്ചും ആര്‍പ്പു വിളിച്ചും പ്രോത്സാഹിപ്പിക്കുകയായിരുന്നു ജനങ്ങള്‍.
നാല് നൂറ്റാണ്ട് മുമ്പ് കടത്തനാട്ടിലെ തര്‍ക്കങ്ങള്‍ അങ്കം വെട്ടി തീര്‍ക്കുന്നത് ഏഴരക്കണ്ടത്തിലായിരുന്നുവെന്നാണ് വിശ്വസിച്ചു പോരുന്നത്. നിരവധി പോരാളികളുടെ ആര്‍പ്പുവിളിയും വിലാപവും ഈ അങ്കക്കളരിയില്‍ അലിഞ്ഞിരുന്നു. അങ്കംവെട്ടി വീര മൃത്യു വരിച്ച പോരാളികള്‍ തറവാടും കുലവും മുടിച്ച് പിന്‍വാങ്ങിയിരുന്നിരിക്കാം. വിജയിച്ചവര്‍ ആഹ്ളാദ ചിത്തരായി അഹങ്കരിച്ചിട്ടുമുണ്ടാവാം. നാല് നൂറ്റാണ്ട് മുമ്പ് നടന്ന അങ്കം വെട്ടിന്‍റെ ഓര്‍മ്മകളുടെ വീരതയില്‍ നാടും ജനങ്ങളും ലയിച്ചു ചേര്‍ന്നു.
കുംഭം പത്തിനും പതിനൊന്നിനുമാണ് തച്ചോളി ഒതേനനും കതിരൂര്‍ ഗുരിക്കളും പൊന്ന്യത്തങ്കക്കളരിയില്‍ ഏറ്റുമുട്ടിയതെന്നാണ് കരുതുന്നത്. പഴയ സ്‌മരണകള്‍ ഉണരുമെങ്കിലും വാള്‍ പയറ്റ് നടക്കാറില്ല. ആരുടേയും തല കൊയ്യാറുമില്ല. രക്തച്ചൊരിച്ചിലുമില്ല. തച്ചോളി ഒതേനനും കതിരൂര്‍ ഗുരിക്കളുമൊക്കെ ജനമനസിലൂടെ കടന്നു പോകുമെങ്കിലും അങ്കത്തട്ടില്‍ ഒരുമിക്കാനാണ് അങ്കം കുറിക്കുന്നതും ഒത്തു ചേരുന്നതും. ജാതിമത ഭേദമില്ലാതെ അങ്കത്തട്ടിലെ കളരി മുറ കാണാന്‍ ആബാലവൃദ്ധം ജനങ്ങളും ഏഴരക്കണ്ടത്തിലെത്തിച്ചേരുന്നു. ധീരയോദ്ധാക്കളുടെ സ്‌മരണക്കു മുമ്പില്‍ അവര്‍ ഒത്തു ചേരുന്നു.
കേരളാ ഫോക് ലോര്‍ അക്കാദമിയും കതിരൂര്‍ ഗ്രാമപഞ്ചായത്തും പാട്യം ഗോപാലന്‍ സ്‌മാരക വായനശാലയുടെ സഹകരണത്തോടെയാണ് പൊന്ന്യത്തങ്കം അയോധനകല പൈതൃകോത്സവം 2024 നടത്തുന്നത്. ഏഴരക്കണ്ടം കേന്ദ്രീകരിച്ച് കളരി അക്കാദമിയില്‍ മ്യൂസിയം സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതോടുകൂടി പൊന്ന്യത്തങ്കത്തിന്‍റെ പ്രാധാന്യവും തിളക്കവും വര്‍ദ്ധിച്ചിരിക്കയാണ്. അക്കാദമിയുടെ നിര്‍മ്മാണത്തിന് എട്ട് കോടി രൂപ കേരള സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.