കോഴിക്കോട് : വിവാഹം കഴിഞ്ഞ് ഏഴാം ദിവസം നവദമ്പതികള്‍ വേർപിരിഞ്ഞു. വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് പൊലീസ് സ്‌റ്റേഷനിൽവച്ച് ഇരുവരും പിരിഞ്ഞത്. താലിമാല മടക്കിനൽകിയായിരുന്നു വേർപിരിയൽ. വരന്‍റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്‍റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്‍റെ പാടുകൾ കണ്ട് കാര്യം തിരക്കിയപ്പോഴാണ് വരൻ മർദിച്ച വിവരം പുറത്തറിയുന്നത്.
തുടർന്ന് യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വധുവിന്‍റെ പിതാവ് പരാതി നൽകി. പന്നിയൂര്‍ക്കുളം തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലാണ് ഭാര്യയെ മർദിച്ചത്. ഇയാളുമായി ബന്ധം തുടരാൻ താത്പര്യമില്ലെന്ന് വധുവും വീട്ടുകാരും പൊലീസിനെ അറിയിക്കുകയും ചെയ്‌തു.
മെയ് 5-ന് എറണാകുളത്തുവച്ചായിരുന്നു ഇവരുടെ വിവാഹം. ജർമനിയിൽ എൻജിനീയറായ വരനും ഐടി മേഖലയിൽ എൻജിനീയറായ വധുവും മാട്രിമോണിയല്‍ വഴിയാണ് പരിചയപ്പെട്ടത്. വരനും വധുവിനും ഇഷ്‌ടമായതോടെ വേഗത്തിൽ വിവാഹം നടന്നു.
ഏഴാം ദിവസം വധുവിന്‍റെ ബന്ധുക്കൾ പലഹാരങ്ങളും സമ്മാനങ്ങളുമായി കോഴിക്കോട് പന്നിയൂർക്കുളത്തെ വരന്‍റെ വീട്ടിൽ സത്‌കാരരച്ചടങ്ങിന് എത്തിയപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്. വധുവിന്‍റെ ബന്ധുക്കള്‍ കണ്ടത് ദേഹമാസകലം പരിക്കുകളുമായി കഴിയുന്ന യുവതിയെയാണ്. മുഖത്തും കഴുത്തിലും മർദനമേറ്റതിന്‍റെ പാടുകൾ കണ്ട് അന്വേഷിച്ചപ്പോഴാണ് വരന്‍റെ ക്രൂരത പുറത്തറിഞ്ഞത്.
ഉടൻ തന്നെ വധുവിന്‍റെ ബന്ധുക്കൾ വധുവിനെയും കൂട്ടി നേരെ പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷനിൽ എത്തി. പരിക്കേറ്റതിനെ തുടർന്ന് പൊലീസ് എത്രയും പെട്ടെന്ന് യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നൽകിയ ശേഷം വീണ്ടും പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷനിൽ തിരിച്ചെത്തി പരാതി നൽകി.
Also Read : എന്താണ് 'സൗഹൃദ വിവാഹം' ? ; പ്രണയമോ ലൈംഗികതയോ ഇല്ലാത്ത പുത്തന്‍ റിലേഷന്‍ഷിപ്പ് ട്രെന്‍ഡ് - New Relationship Trend In Japan
തുടർന്ന് വരനെ പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. കൂടാതെ വധുവിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പൊലീസ് സ്‌റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞ ശേഷം യുവതി ബന്ധുക്കളോടൊപ്പം എറണാകുളത്തേക്ക് മടങ്ങി. രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.