പത്തനംതിട്ട:വിവാഹത്തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശി ദീപു ഫിലിപ്പ് (36) ആണ് കോന്നി പൊലീസിൻ്റെ പിടിയിലായത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്‌ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് ഇയാള്‍ കുടുങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം ഇയാള്‍ വിവാഹാഭ്യർഥന നടത്തുകയാണ് പതിവ്.
കെണിയിൽ വീഴുന്ന യുവതികളോടൊപ്പം വിവാഹം കഴിച്ച് താമസിച്ച ശേഷം പൊന്നും പണവുമായി മുങ്ങുകയാണ് പതിവ്. ഇത്തരത്തിൽ പറ്റിക്കപ്പെട്ട യുവതിയുടെ പരാതിയിലാണ് ഇയാള്‍ കുടുങ്ങിയത്. കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 വർഷം മുൻപ് കല്യാണം കഴിച്ചിരുന്നു. ഇവിടെ മുതലാണ് ഇയാള്‍ തട്ടിപ്പ് ആരംഭിച്ചത്. 2022 മാർച്ചിലാണ് പരാതിക്കാരിയെ വിവാഹം കഴിച്ചത്.
ഇങ്ങനെ വിവാഹം കഴിച്ച ശേഷം കുറച്ച് നാള്‍ ഒരുമിച്ച് താമസിച്ച ശേഷം സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി കടന്നുകളയും. പല ബന്ധങ്ങളിലായി ദീപു ഫിലിപ്പിന് കുട്ടികളുമുണ്ട്. അടുത്ത ഇരയെ കിട്ടുമ്പോള്‍ നിലവിലുള്ളവരെ ഉപേക്ഷിക്കുന്നതാണ് രീതി. ഇപ്പോൾ വിവാഹം കഴിച്ച് ഒപ്പം കഴിഞ്ഞുവന്ന യുവതിക്ക് ഇയാളിൽ സംശയം തോന്നിയതോടെയാണ് തട്ടിപ്പിൻ്റെ കഥകൾ പുറത്തായത്. ദീപുവിൻ്റെ രണ്ടാം ഭാര്യ നിലവിലെ ഭാര്യയായ യുവതിയുടെ ഫേസ്‌ബുക്ക് സുഹൃത്താണ്. അവർ നൽകിയ വിവരമാണ് വിവാഹത്തട്ടിപ്പ് വീരൻ്റെ കള്ളി വെളിച്ചത്താക്കാൻ ഇടയാക്കിയത്.
ആദ്യവിവാഹത്തിലെ യുവതിയെ ഉപേക്ഷിച്ച ശേഷം ഇയാള്‍ കാസർകോടുള്ള മറ്റൊരു യുവതിയുമായി തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. അവിടെ കുറേകാലം ഒരുമിച്ച് താമസിച്ചശേഷം വീണ്ടും സ്ഥലംവിട്ടു. പിന്നീട് എറണാകുളത്ത് എത്തിയ ഇയാൾ അവിടെ ഒരു സ്‌ത്രീയുമായി അടുക്കുകയും കുറേനാൾ അവരുമൊത്ത് കഴിയുകയും ചെയ്‌തു. തുടർന്നാണ്, ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ച് ഒപ്പം കൂടിയത്. വിവാഹമോചിതയായ ഇവരെ പിന്നീട് അർത്തുങ്കൽ വച്ച് കല്യാണം കഴിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക