മാങ്കുളം അപകടം, ക്രാഷ് ബാരിയറുകള്‍ റോഡില്‍ സ്ഥാപിച്ചത് അശാസ്ത്രീയമായെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഇടുക്കി : മാങ്കുളം പേമരം വളവില്‍ ട്രാവലര്‍ അപകടത്തില്‍പ്പെട്ട സ്ഥലം മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അപകടത്തില്‍പ്പെട്ട വാഹനവും റോഡിന്‍റെ ഭൂപ്രകൃതിയുമെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ദൃക്‌സാക്ഷികളില്‍ നിന്നും രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ നിന്നും സമീപവാസികളില്‍ നിന്നുമെല്ലാം ഉദ്യോഗസ്ഥർ വിവരങ്ങള്‍ ശേഖരിച്ചു.
ഇടുക്കി ജില്ലാ എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പേമരം വളവില്‍ തുടര്‍ച്ചയായി നടക്കുന്ന പതിനൊന്നാമത്ത അപകടമാണിത്.
റോഡില്‍ അപായ സൂചന ബോര്‍ഡുകള്‍ ഉണ്ടായിരുന്നു എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. എന്നാല്‍ റോഡിന്‍റെ അശാസ്ത്രീയ നിര്‍മ്മാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്ന് 14 പേരുമായി വന്ന ട്രാവലര്‍ അപകടം തടയാന്‍ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയറുകള്‍ തകര്‍ത്താണ് 100 അടി താഴ്‌ചയിലേക്ക് മറിഞ്ഞത്. ക്രാഷ് ബാരിയറുകള്‍ റോഡില്‍ സ്ഥാപിച്ചത് അശാസ്ത്രീയമായാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധനയില്‍ കണ്ടെത്തി.
അപകട വളവ് ഒഴിവാക്കാന്‍ പ്രദേശവാസി സ്ഥലം വിട്ട് നല്‍കാമെന്നും പകരം മണ്ണെടുത്ത് നീക്കുന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് വീടിന് സുരക്ഷ ഉറപ്പാക്കിയാല്‍ മതിയെന്നറിയിച്ചിട്ടും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന ആരോപണവും നാട്ടുകാര്‍ മുമ്പോട്ട് വയ്ക്കുന്നു.