കേരളം

kerala

ETV Bharat / state

അടിമുടി വീഴ്‌ച!...; മഞ്ചേശ്വരം കോഴക്കേസിലെ വിധി പകർപ്പ് പുറത്ത് - Manjeshwar Election Bribery Case - MANJESHWAR ELECTION BRIBERY CASE

കേസില്‍ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്‌ച പറ്റിയെന്ന് കോടതി.

MANJESHWAR BRIBERY CASE DETAILS  K SURENDRAN BRIBERY CASE  MANJESHWAR BRIBERY CASE VERDICT  മഞ്ചേശ്വരം കോഴക്കേസ്
K Surendran (ETV Bharat)

By ETV Bharat Kerala Team

Published : Oct 7, 2024, 11:46 AM IST

കാസർകോട് :ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായിരുന്ന മഞ്ചേശ്വരം കോഴക്കേസിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്‌ച സംഭവിച്ചതായി കോടതി. കുറ്റപത്രം സമർപ്പിച്ചത് കാലാവധി കഴിഞ്ഞാണെന്നും
കെ സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചതിന് തെളിവില്ലെന്നും വിധിപ്പകർപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനാലാണ് സുരേന്ദ്രൻ അടക്കമുള്ള ആറു പ്രതികളെ കുറ്റവിമുക്തമാക്കിയത്.

കേരള രാഷ്ട്രീയത്തിൽ ബിജെപിക്കെതിരെയുള്ള സിപിഎമ്മിന്‍റെയും യുഡിഎഫിന്‍റെയും ആയുധമായിരുന്നു ഈ കേസ്. എന്നാൽ ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചാണ് മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതെന്ന ആരോപണം ഉയരുന്നതിനിടയിലാണ് പൊലീസിന് വീഴ്‌ച സംഭവിച്ചതായുള്ള വിധി പകർപ്പ് പുറത്തുവന്നത്.
പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്‌ചയുണ്ടായതായി വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

വിധി പകര്‍പ്പ് (ETV Bharat)

കുറ്റപത്രം സമർപ്പിച്ചത് കാലാവധി കഴിഞ്ഞ് :കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നിരിക്കെ കാലാവധി കഴിഞ്ഞ് ഒരു വർഷവും ഏഴ് മാസത്തിനും ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ എന്തുകൊണ്ട് കാലതാമസം നേരിട്ടു എന്നത് സംബന്ധിച്ച കാരണം ബോധിപ്പിച്ചിട്ടില്ലെന്നും വിധിയിൽ പറയുന്നു. കെ സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചതിന് തെളിവില്ല. രണ്ടര ലക്ഷം രൂപ കൈപ്പറ്റിയതായും അത് മരുന്ന് വാങ്ങാനും വീട് പുനർനിർമാണത്തിനായും ഉപയോഗിച്ചുവെന്നും സുന്ദര സമ്മതിക്കുന്നു.

ഭയപ്പെടുത്തി നൽകിയ പണമാണെങ്കിൽ ഇങ്ങനെ ചെലവഴിക്കുമോ എന്ന സാമാന്യ യുക്തി പോലും അന്വേഷണ സംഘത്തിനുണ്ടായില്ല. ബിജെപിയിൽ ചേരാൻ പോകുന്നു എന്ന് സുന്ദര മാധ്യമങ്ങൾക്ക് മുന്നിൽ സ്വയം വെളിപ്പെടുത്തിയതാണ്. ആ കാര്യം പരിശോധിച്ചിരുന്നെങ്കിൽ പട്ടികജാതി പട്ടികവർഗ പീഡന നിയമം ചേർക്കില്ലായിരുന്നുവെന്നും വിധി പകർപ്പിൽ പറയുന്നു.

പ്രോസിക്യൂഷൻ്റെ ഭാഗത്ത് വിഴ്‌ചയുണ്ടായതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. വിധി പറയുമ്പോൾ പോലും പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നത് ഇതിൻ്റെ ഉദാഹരണമായാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. വിധി പകർപ്പിൽ പൊലീസിനെതിരായ വിമർശനം ഉയർന്നതോടെ ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുകയാണ് പ്രതിപക്ഷം.

വിധി പകര്‍പ്പ് (ETV Bharat)

എന്താണ് മഞ്ചേശ്വരം കോഴക്കേസ് :കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്തം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്‌മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നതുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടർന്ന് അന്നത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വിവി രമേശന്‍റെ പരാതിയിൽ 2021 ജൂണിലാണ് കേസ് രജിസ്‌റ്റർ ചെയ്യുന്നത്.

എന്നാല്‍ കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്ന് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ വാദിച്ചു. സുരേന്ദ്രനെ കൂടാതെ ബിജെപി മുൻ ജില്ല പ്രസിഡന്‍റ് അഡ്വ. കെ ബാലകൃഷ്‌ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ മണികണ്‌ഠ റൈ, വൈ സുരേഷ്‌, ലോകേഷ്‌ നോഡ എന്നിവരാണ്‌ കേസിലെ മറ്റു പ്രതികളായി ഉണ്ടായിരുന്നത്.

ജില്ല ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്‌. കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസാണ്‌ കേസെടുത്തത്‌. കേസ് പിന്നീട് ജില്ല ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. എസ്‌സി–എസ്‌ടി അതിക്രമ വിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാ കുറ്റമടക്കം ചുമത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നത്.

Also Read: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന്‍ കുറ്റവിമുക്തന്‍; വിടുതൽ ഹർജി അംഗീകരിച്ച് കോടതി

ABOUT THE AUTHOR

...view details