എറണാകുളം:സംസ്ഥാന കായിക മേളയിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ച് പോവുകയാണെന്ന് നടൻ മമ്മൂട്ടി. മഹാരാജാസ് കോളജ് മൈതാനിയിൽ സംസ്ഥാന സ്‌കൂൾ കായിക മേളയോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓടാനും ചാടാനും തനിക്ക് മടിയായിരുന്നു.
താൻ നാടകം കളിച്ച് നടക്കുകയായിരുന്നു. നിങ്ങളെ കാണുമ്പോൾ എനിക്കും ഇങ്ങനെയൊക്കെ ആകാമെന്ന് ആഗ്രഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ കൗമാര ശക്തി തന്നെ അത്ഭുതപ്പെടുത്തുകയാണ്. എനിക്ക് നിങ്ങളിൽ ഒരുപാട് പ്രതീക്ഷയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
നടൻ മമ്മൂട്ടി സംസാരിക്കുന്നു (ETV Bharat) നാടിന്‍റെ അഭിമാനങ്ങളായി തീരേണ്ടവരാണ് നിങ്ങള്‍. കലാകായിക ശേഷി പ്രകടിപ്പിക്കാനുളള അവസരങ്ങൾ അപൂർവമായി മാത്രമേ ലഭിക്കാറുള്ളൂ. ജീവിതത്തില്‍ രണ്ടാമതോ മൂന്നാമതോ അവസരങ്ങള്‍ കിട്ടുന്നവ൪ വളരെ ചുരുക്കമാണ്. തന്‍റെ ജീവിതത്തിലും ഒരുപാട് അനുഭവങ്ങൾ ഉണ്ട്. കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുവാ൯ ശ്രമിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂടെ മത്സരിക്കുന്നവരാരും മോശക്കാരല്ലെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. കൂടെ മത്സരിക്കാൻ ഒരാളുണ്ടാകുമ്പോൾ മാത്രമാണ് മത്സരമുണ്ടാകുക. ഒറ്റയ്ക്ക് ഒരാൾ ഒരു മത്സരത്തിലും ജയിക്കുന്നില്ലെന്ന് മനസിലാക്കുക. മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാനാകൂ. കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണുകയോ, മനസിൽ കരുതുകയോ ചെയ്യരുതെന്നും മമ്മൂട്ടി പറഞ്ഞു.
നമ്മുടെ സംസ്‌കാരം രൂപപ്പെട്ടുവരുന്ന കാലമാണിത്. ഒരു നൂറ് ഒളിംപിക്‌സ് മെഡലുകളുമായി രാജ്യത്തിന്‍റെ അഭിമാനമാകാ൯ ഓരോ കായിക താരത്തിനും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പ്രിയപ്പെട്ട തക്കുടുകളെയെന്ന് അഭിസംബോധന ചെയ്‌താണ് മമ്മൂട്ടി പ്രസംഗം ആരംഭിച്ചത്. സംസ്ഥാന കായിക മേളയുടെ ഭാഗ്യചിഹ്നത്തിന്‍റെ പേരാണ് തക്കുടു. അതേ സമയം സംസ്ഥാന കായിക മേളയുടെ ഉദ്ഘാടന പ്രസംഗം മന്ത്രി ശിവൻ കുട്ടി ഒറ്റവാക്കിൽ ഒതുക്കി. കായിക മേളയുടെ ബ്രാന്‍ഡ് അംബാസഡറായ പിആർ ശ്രീജേഷ് ഒളിംപിക്‌സ് സ്വർണ മെഡൽ സ്വപ്‌നം കാണണമെന്ന് വിദ്യാർഥികളെ ഓർമ്മപ്പെടുത്തി.
Also Read : കേരള സ്‌കൂൾ കായിക മേളയ്‌ക്ക് കൊച്ചിയിൽ തുടക്കമായി; മത്സരങ്ങൾ നാളെ മുതൽ