മലപ്പുറം: താനൂരില്‍ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് ജുമൈലത്ത് കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണെന്ന് മൊഴി. മാനഹാനി ഭയന്നാണ് കൊലപാതകം നടത്തിയതെന്നും ഒറ്റയ്ക്കാണ് കൃത്യം ചെയ്‌തതെന്നും ജുമൈലത്ത് മൊഴി നല്‍കി. സംഭവത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി.
ജുമൈലത്തിന്‍റെ വീട്ടുമുറ്റത്ത് തെങ്ങിന്‍ ചുവട്ടിലാണ് കൊലപാതകത്തിന് ശേഷം കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചിട്ടിരുന്നത്. തിരൂര്‍ തഹസില്‍ദാര്‍, താനൂര്‍ ഡിവൈഎസ്പി, ഫൊറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പ്രതി ജുമൈലത്തിനെയും സ്ഥലത്ത് എത്തിച്ചിരുന്നു (The baby was killed by drowning in the bucket of water).
ഭര്‍ത്താവുമായി തര്‍ക്കമുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു പൊലീസിന് ലഭിച്ച രഹസ്യ വിവരം. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പൊലീസിന് മൊഴി നല്‍കിയത്. യുവതിയെ ചോദ്യം ചെയ്‌തു വരികയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മാനസിക പ്രശ്‌നം മൂലം ചെയ്‌തതാണ് എന്നാണ് യുവതിയുടെ മൊഴി. ഭര്‍ത്താവുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഒന്നര വര്‍ഷത്തോളമായി ജുമൈലത്ത് ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. ഇതിനിടയില്‍ ഗര്‍ഭിണി ആയത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഈ മാസം 24നാണ് ഒട്ടും പുറം സ്വദേശി ജുമൈലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ആണ്‍കുട്ടിയെ പ്രസവിച്ചത്.
27ആം തിയതി ഡിസ്ചാര്‍ജ് ആയ ശേഷം വീട്ടിലെത്തിയ ജുമൈലത്ത് ബക്കറ്റില്‍ വെള്ളം നിറച്ച് അതില്‍ കുഞ്ഞിനെ മുക്കി കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന ഉമ്മയും മറ്റു മൂന്നു കുട്ടികളും ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയ ശേഷമാണ് ക്രൂര കൃത്യം നടത്തിയത്.
തുടര്‍ന്ന് വീടിനടുത്തുള്ള പറമ്പിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. ഇന്ന് രാവിലെ യുവതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് പരിശോധന നടത്തി. കുഞ്ഞിനെ കുഴിച്ചു മൂടിയ സ്ഥലം പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ മാറ്റാരുടെയെങ്കിലും സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല (Mother killed three day old baby).
അതേസമയം ആശുപത്രിയിൽനിന്ന് കൊണ്ടുപോകുമ്പോൾ തന്നെ കുടംബത്തിന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവിക തോന്നിയതായി ഓട്ടോ ഡ്രൈവർ നജീബ് പറഞ്ഞു. കുഞ്ഞിനെ ഏതെങ്കിലും അനാഥാലയത്തിൽ ഉപേക്ഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നെന്നും ഓട്ടോ ഡ്രൈവർ അറിയിച്ചു. നജീബിൽ നിന്നും താനൂർ പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.