പത്തനംതിട്ട:ലോക വിപണിയെ ലക്ഷ്യമിട്ട് കഥകളിക്കോപ്പുകളും കഥകളി ശില്‍പങ്ങളും ഒരുക്കുകയാണ് അയിരൂർ കഥകളി മ്യൂസിയം. സാംസ്‌കാരിക വകുപ്പിന്‍റെ ഗ്രാമീണ കലാകേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച കഥകളിക്കോപ്പ് കഥകളി ശില്‍പ നിര്‍മാണ പരിശീലന കേന്ദ്രം ഏറെ പ്രതീക്ഷകളാണ് കഥകളിയുടെ പേരിൽ അറിയപ്പെടുന്ന ഈ ഗ്രാമത്തിന് നൽകുന്നത്.
ഒരടി മുതൽ ഒരാൾ പൊക്കം വരെയുള്ള ശിൽപങ്ങളാണ് കലാകേന്ദ്രത്തിൽ നിർമിക്കുക. പച്ച, കത്തി, കരി, താടി തുടങ്ങിയ എല്ലാ കഥകളി വേഷങ്ങളും ഇവിടെ നിർമ്മിക്കും. കുമിൾതടിയിൽ നിർമിക്കുന്ന രൂപത്തില്‍ ആടയാഭരണങ്ങൾ അണിയിച്ചാണ് കഥകളി ശിൽപങ്ങൾ ഒരുക്കുന്നത്.
സംസ്ഥാന സാംസ്‌കാരിക വകുപ്പിന്‍റെ ഗ്രാമീണ കലാകേന്ദ്രം പദ്ധതിയ്‌ക്ക് കീഴിലാണ് കഥകളി കോപ്പ് കഥകളി ശിൽപ നിർമാണ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 15 വനിതകള്‍ അടങ്ങിയ സ്വയം സഹായ സംഘമാണ് നിലവില്‍ പരിശീലനം നേടുന്നത്.
ജില്ല കഥകളി ക്ലബിന്‍റെ മേല്‍നോട്ടത്തിലാണ് സ്വയം സഹായ സംഘത്തിന്‍റെ പ്രവര്‍ത്തനം. പ്രശസ്‌ത കഥകളി കലാകാരനും കഥകളി ശിൽപ വിദഗ്‌ധനുമായ കരിക്കകം ത്രിവിക്രമനാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പ്രശസ്‌ത പള്ളിയോട ശിൽപ്പി അയിരൂർ ചെല്ലപ്പനാചാരിയും പരിശീലകനായുണ്ട്.