തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയുടെ ആവശ്യമില്ലെന്നും ശോഭാ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇ പി ജയരാജൻ എൽഡിഎഫ് കൺവീനറായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദൻ.
രാഷ്ട്രീയ എതിരാളികളെ പല തവണ കാണും. എന്നാൽ പൈങ്കിളി ശാസ്ത്രം വെച്ചാണ് മാധ്യമങ്ങൾ ഇത് ചർച്ച ചെയ്‌തതെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇ പി ജയരാജനെതിരെ ആസൂത്രിതമായ നീക്കമാണ് നടന്നത്. ആരോപണവും കൂടികാഴ്‌ചയും പാർട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ വിമാനത്താവളത്തിൽ വെച്ച് താനും കണ്ടിട്ടുണ്ട്. തമ്മിൽ കണ്ടുവെന്ന് ഇ പി തന്നെ വ്യക്തമാക്കിയതാണ്. തിരുവനന്തപുരത്ത് അല്ലാതെ മറ്റെവിടെയും കണ്ടിട്ടില്ല. ജാവദേക്കറും അതാണ് പറഞ്ഞത്. ആരോപണങ്ങൾ അസംബന്ധമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.