തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും ദിനംപ്രതി വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ് എം എം ഹസന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ അതിശക്തമായി ഇന്ത്യ മുന്നണിയേയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ബിജെപിയും നരേന്ദ്രമോദിയും നടത്തുന്ന വര്‍ഗീയവത്കരണത്തിലും കൂടിയ രീതിയിലുളള വര്‍ഗീയവത്കരണമാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മുഖ്യമന്ത്രിയുടെ വിഷയമേ അല്ല. ഇന്നലെ വരെയും മുഖ്യമന്ത്രിയുടെ മുഖ്യവിഷയം പൗരത്വ നിയമമാണെന്നും എം എം ഹസൻ പറഞ്ഞു. പൗരത്വ നിയമത്തില്‍ മോദിയെക്കാള്‍ അതിശക്തമായി കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ആറാം തവണയും കേരളത്തില്‍ വരുന്നു എന്നു കേള്‍ക്കുന്നു. മോദിയേക്കാൾ ശക്തമായി വര്‍ഗീയ ധ്രുവീകരണം നടത്താന്‍ അദ്ദേഹത്തിന്‍റെ മാനസ പുത്രനായി മാറിയിട്ടുള്ള പിണറായി വിജയന്‍ ഇവിടെയുണ്ട്. അതുകൊണ്ട് പ്രധാനമന്ത്രി ഇനി കേരളത്തില്‍ വരേണ്ടതില്ലെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും ഹസൻ പറഞ്ഞു. പിണറായി ഇപ്പോള്‍ ബിജെപിയുടെ കേരളത്തിലെ താര പ്രചാരകനായി കളം നറഞ്ഞു നില്‍ക്കുകയാണ്. പിന്നെ ഈ തിരക്കിനിടയില്‍ പ്രധാനമന്ത്രി ഇങ്ങോട്ടു വരേണ്ടതിന്‍റെ ആവശ്യമെന്താണാണെന്നും അദ്ദേഹം ചോദിച്ചു.