പാലക്കാട്:സ്കൂൾ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാലു കുട്ടികൾ മരിച്ചു. ഒരു വിദ്യാർഥിക്കു പരുക്കേറ്റു. ചെറുള്ളി അബ്‌ദുൽ സലാമിന്‍റെ മകൾ ഇർഫാന ഷെറിൻ, അബ്‌ദുൽ റഫീഖിന്‍റെ മകൾ റിത ഫാത്തിമ, സലാമിന്‍റെ മകൾ നിതാ ഫാത്തിമ, ഷറഫുദ്ദീന്‍റെ മകൾ എ.എസ്.ആയിഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണിവർ വിദ്യാര്‍ഥികള്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലാണ് അപകടമുണ്ടായത്. സിമന്‍റുമായി പോയ ലോറി കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. സ്‌കൂള്‍ വിട്ട് വരികയായിരുന്ന അഞ്ച് പെണ്‍കുട്ടികളുടെ ഇടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്. നിയന്ത്രണം വിട്ട ലോറി വിദ്യാര്‍ഥികളുടെ മുകളിലേക്ക് മറിഞ്ഞു. ഒരു കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കുഴിയില്‍ വീണത് കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് ആ കുട്ടി പറഞ്ഞു. തലനാരിഴക്ക് രക്ഷപ്പെട്ട പെണ്‍കുട്ടി അടുത്ത വീട്ടിലേക്ക് ഓടിക്കയറി. അപകടത്തില്‍ മരിച്ച ഇര്‍ഫാന തന്‍റെ പിതൃസഹോദരന്‍റെ മകളാണെന്നും രക്ഷപ്പെട്ട അജ്‌ന പറഞ്ഞു. കടയില്‍ കയറി ഐസും സിപ്പ് അപും വാങ്ങി കഴിച്ച് റോഡില്‍ കൂടി നടന്ന് വരുമ്പോഴാണ് അപകടമുണ്ടായതെന്നും അജ്‌ന പറഞ്ഞു.
നാളെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഒന്‍പതിന് സ്‌കൂളിന് സമീപമുള്ള ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് തൊട്ടടുത്തുള്ള പള്ളിയില്‍ കബറടക്കും.
അതേസമയം കരിമ്പ അപകടം, ഡ്രൈവറുടേയും ക്ലീനറുടേയും രക്തസാമ്പിൾ പരിശോധനക്ക് എടുത്തു. ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദ്, ക്ലീനർ വർഗീസ് എന്നിവരുടെ രക്തസാമ്പിളുകളാണ് പരിശോധനക്ക് എടുത്തത്. ഇരുവരും മദ്യപിച്ചിരുന്നുവോ എന്ന് സ്ഥിരീകരിക്കാനാണ് നടപടി. ഇരുവരും മണ്ണാർക്കാട് ആശുപത്രിയിൽ ചികിൽസയിലാണ്.
മഹേന്ദ്രപ്രസാദിന് കാര്യമായ പരിക്കില്ല. വർഗീസിൻ്റെ കാലിന് പൊട്ടലുള്ളതിനാൽ തുടർ ചികിൽസ വേണ്ടി വരും. പാലക്കാട് ജില്ലയുടെ ചുമതലയുള്ള മലപ്പുറം എസ്.പി വിശ്വനാഥ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി ഡ്രൈവറുടേയും ക്ലീനറുടേയും പ്രാഥമിക മൊഴി എടുത്തു. ചാറ്റൽ മഴയും റോഡിൻ്റെ മിനുസവുമാണ് അപകടത്തിന് വഴിയൊരുക്കിയത് എന്ന് ഡ്രൈവർ മഹേന്ദ്രപ്രസാദ് മൊഴി നൽകി. ആരോഗ്യം വീണ്ടെടുത്ത ശേഷം ഇരുവരേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി പുറത്തെടുത്ത വിദ്യാര്‍ത്ഥികളെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൂന്ന് കുട്ടികളുടെ മൃതദേഹം തച്ചമ്പാറ ഈസാഫ് ആശുപത്രിയിലും ഒരു കുട്ടിയുടേത് മദര്‍ കെയര്‍ ആശുപത്രിയിലുമായാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുമായി ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് പാലക്കാട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. നാളെ രാവിലെ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ അപകടത്തിന്‍റെ കാരണം വിശദമാക്കി മോട്ടോര്‍ വാഹന വകുപ്പ്. പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ച സംഭവത്തിന് കാരണം മറ്റൊരു ലോറിയാണെന്ന് ആര്‍ടിഒ പറഞ്ഞു. അപകടത്തിൽ പെട്ട സിമന്‍റ് കയറ്റി വരുകയായിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിമന്‍റ് കയറ്റിയ ലോറിയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നും ആര്‍ടിഒ പറഞ്ഞു. മറ്റൊരു ലോറി ഇടിച്ചശേഷം ബ്രേക്ക് ചവിട്ടി ലോറി നിര്‍ത്താൻ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
സ്ഥിരം അപകടമേഖലയാണിതെന്ന് നാട്ടുകാർ പറഞ്ഞു. ജില്ലാകളക്‌ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കുട്ടവും സ്ഥലം എംഎല്‍എ ശാന്തകുമാരിയും മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തി. ഒരുവീടിന്‍റെ മതില്‍ തകര്‍ത്താണ് ലോറി മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന സിമന്‍റും പ്രദേശത്ത് പൊട്ടിവീണിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയിലെ ഗതാഗതം സ്‌തംഭിച്ചു.