തൃശൂർ:തൃശൂർ മണ്ഡലത്തിൽ ചരിത്ര വിജയവുമായി സുരേഷ് ഗോപി. ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂർ മണ്ഡലത്തിലൂടെ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നിരിക്കുകയാണ്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോഴേക്കും എഴുപതിനായിരം പിന്നിടുന്ന വന്‍ ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി തൃശൂരിൽ അട്ടിമറി വിജയം നേടി. തന്നെ വിജയിപ്പിച്ച തൃശൂരിലെ യഥാർത്ഥ മതേതര പ്രജാ ദൈവങ്ങളെ വണങ്ങുന്നതായി സുരേഷ് ഗോപി പ്രതികരിച്ചു. ഗുരുവായൂരപ്പനും ലൂർദ് മാതാവിനും തൻ്റെ വിജയം സമർപ്പിക്കുകയാണ്. തൻ്റെ വിജയം കേരളത്തില്‍ അലയൊലികളുണ്ടാക്കും. കേരളത്തിൻ്റെ എംപിയായി പ്രവർത്തിക്കും. കേന്ദ്രമന്ത്രിയാകാനില്ലന്ന് ദേശീയ നേതാക്കളെ നേരത്തെ തന്നെ അറിയിച്ചതാണ്. തനിക്ക് വോട്ട് ചെയ്‌തത് തൃശൂരിലെ മനുഷ്യരാണ്. തൃശൂർ എനിക്ക് തന്നിരിക്കുകയാണ്. ഇനി തൃശൂരിനെ തലയിലേറ്റി നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വോട്ടെണ്ണലിൻ്റെ ആദ്യഘട്ടമായ പോസ്‌റ്റൽ വോട്ടിൽ ഇടതുമുന്നണി സ്ഥാനാർഥി വി എസ് സുനിൽ കുമാറായിരുന്നു മുന്നിട്ടു നിന്നത്. ഇലക്‌ട്രോണിക്ക് വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോഴും വി എസ് സുനിൽകുമാർ തന്നെ ലീഡ് ചെയ്‌തു. എന്നാൽ ആദ്യ റൗണ്ട് വോട്ടെണ്ണലിൻ്റെ പകുതി പൂർത്തിയായതു മുതൽ സുരേഷ് ഗോപി ലീഡ് നിലയിൽ മുന്നിലെത്തുകയായിരുന്നു. തുടർന്ന് തുടർച്ചയായി ഒരോ റൗണ്ടിലും ലീഡ് ഉയർത്തുകയായിരുന്നു സുരേഷ് ഗോപി. ബിജെപി സ്ഥാനാർഥിയുടെ ലീഡ് അമ്പതിനായിരം കടന്നതോടെ തന്നെ ബിജെപി പ്രവർത്തകർ തൃശൂർ നഗരത്തിൽ ആഹ്ളാദ പ്രകടനം തുടങ്ങിയിരുന്നു. സുരേഷ് ഗോപിയുടെ ലീഡ് അറുപതിനായിരം പിന്നിട്ടതോടെ സുരേഷ് ഗോപി വീട്ടിൽ വിജയാഹ്ളാദത്തിൻ്റെ ഭാഗമായി മധുര വിതരണവും തുടങ്ങിയിരുന്നു. വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍, ഇരു മുന്നണികളെയും അമ്പരപ്പിച്ചു കൊണ്ട് തൃശൂര്‍ സുരേഷ് ഗോപി യഥാര്‍ഥത്തില്‍ എടുക്കുക തന്നെ ചെയ്‌തു.
തൃശൂരിലെ സിറ്റിങ്ങ് സീറ്റ് ടി എൻ പ്രതാപനിൽ നിന്ന് പിടിച്ച് വാങ്ങി മത്സരത്തിന് ഇറങ്ങിയ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ വോട്ടണ്ണലിൻ്റെ ഒരു ഘട്ടത്തിലും മുന്നിലെത്തിയിരുന്നില്ല. വടകരയിലെ സിറ്റിങ്ങ് സീറ്റ് ഒഴിവാക്കി തൃശൂരിൽ മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെടുകയായിരുന്നു മുരളീധരൻ. തെരെഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ബിജെപിയിൽ ചേർന്ന സഹോദരി പത്മജയുടെ പ്രതികരണം ശരിവെക്കുന്നതായിരുന്നു കെ മുരളീധരൻ്റെ ദയനീയമായ പ്രകടനം.
ഒരു മാസത്തിലേറെ നീണ്ട പരസ്യപ്രചാരണവും നിരവധി വിവാദങ്ങളും ഇളക്കിമറിച്ച തൃശൂർ മണ്ഡലം ആർക്കൊപ്പമെന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമായിരുന്നു സമഗ്രാധിപത്യത്തോടെയുള്ള ബിജെപിയുടെ വിജയം. അവകാശവാദങ്ങളും, വിമർശനങ്ങളുമായി തൃശൂരിൻ്റെ രാഷ്‌ട്രീയ ഭൂമികയെ മൂന്ന് മുന്നണികളും സ്ഥാനാർഥികളും സജീവമാക്കിയ മണ്ഡലത്തിൻ്റെ അന്തിമ വിജയം ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമാവുകയായിരുന്നു. അതേ സമയം തൃശൂരിലെ മത്സരഫലം കേരള രാഷ്‌ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്‌ടിക്കാനാണ് സാധ്യത.
തൃശൂരിലൂടെ കേരളത്തിൽ ഒരു സീറ്റ് ഉറപ്പിക്കുകയെന്ന നരേന്ദ്ര മോദിയുടെ സ്വപ്‌നം കൂടിയാണ് ഫലം വന്നതോടെ പൂവണിഞ്ഞത്. പ്രചാരണവേളയിൽ നിരവധി തവണയാണ് മോദി തൃശൂരിലെത്തിയത് . കേരളത്തിൽ മോദി ഗ്യാരൻ്റിയെ കുറിച്ച് സ്വയം പുകഴ്ത്തി വോട്ട് നേടാനുള്ള ശ്രമവും പ്രധാനമന്ത്രി നടത്തിയത് തൃശൂരിലായിരുന്നു. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശ്ശൂരിലെ പോരാട്ടം ദേശീയ ശ്രദ്ധയിലേക്ക് ഉയർന്നത് പ്രധാനമന്ത്രി മോദിയും, എൻഡിഎയും മണ്ഡലത്തിൽ ജയിച്ചു കയറാമെന്ന പ്രതീക്ഷയുമായി രംഗത്തിറങ്ങിയതായിരുന്നു. ഇതോടെ കേരളം മാത്രമല്ല രാജ്യം കൂടിയാണ് തൃശൂരിലെ മത്സരഫലം ഉറ്റുനോക്കിയത്. തൃശൂർ പൂരം നടത്തിപ്പിലെ പൊലീസ് ഇടപെടലും, കരുവന്നൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുമുൾപ്പടെ ആവനാഴിയിലെ എല്ലാ അമ്പും പ്രയോഗിച്ചാണ് സുരേഷ് ഗോപി തെരഞ്ഞടുപ്പ് പ്രചാരണം നടത്തിയത്. ഇതെല്ലാം വോട്ടായി മാറിയെന്നാണ് ജനവിധി തെളിയിക്കുന്നത്.
ജനകീയനായ രാഷ്‌ട്രീയ നേതാവും മുൻ മന്ത്രിയുമായ വി എസ് സുനിൽകുമാറിലൂടെ മണ്ഡലം തിരിച്ച് പിടിക്കാമെന്ന ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകൾ പാടെ പിഴയ്ക്കുകയായിരുന്നു. ഇടതു പക്ഷത്തെ സംശയത്തിൻ്റെ നിഴലിൽ നിർത്തി വോട്ടർമാരെ കൂടെ നിർത്തുകയെന്ന തന്ത്രമാണ് കെ മുരളീധരൻ തുടക്കം മുതൽ പയറ്റിയതെങ്കിലും ഇതിൻ്റെ നേട്ടം ലഭിച്ചത് സുരേഷ് ഗോപിക്കാണ്. അക്ഷരാർത്ഥത്തിൽ ഇടത്, വലത് മുന്നണികളെ ഞെട്ടിച്ച മിന്നുന്ന വിജയമാണ് ബിജെപി തൃശൂരിൽ നേടിയത്. ബിജെപിയുടെ വിജയത്തില്‍, മണ്ഡലത്തിൽ സിപിഎം ,ബിജെപി രഹസ്യധാരണയുടെ ഫലമാണെന്ന രാഷ്‌ട്രീയ ആരോപണം യുഡിഎഫും കോൺഗ്രസുമുന്നയിക്കാനുള്ള സാധ്യതയേറെയാണ്.
- തൃശൂരില്‍ കന്നി താമര വിരിയിച്ച് സുരേഷ് ഗോപി; കേരള ബിജെപിക്ക് ചരിത്ര നേട്ടം
- രാമക്ഷേത്രവും മോദി ഗ്യാരണ്ടിയും തുണച്ചില്ല ; യുപിയില്‍ അടിപതറി ബിജെപി, അപ്രതീക്ഷിത ശക്തിപ്രകടനവുമായി 'ഇന്ത്യ'
- ഇന്‍ഡോറില്‍ നോട്ടയ്‌ക്ക് റെക്കോഡ് വോട്ട്; കോണ്‍ഗ്രസ് ആഹ്വാനത്തോട് അനുകൂലമായി പ്രതികരിച്ച് ജനം