തിരുവനന്തപുരം:രണ്ട് മുന്‍ കേന്ദ്രമന്ത്രിമാരും ഒരു മുന്‍ എംപിയും ഏറ്റുമുട്ടുന്ന തിരുവനന്തപുരത്ത് ത്രികോണ മത്സരമാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിന് വഴിയൊരുക്കാതെ കോൺഗ്രസും ബിജെപിയും തമ്മിലുളള ശക്തമായ മത്സരമാണ് തലസ്ഥാനത്ത് അരങ്ങേറിയത്.
മത്സരത്തിനൊടുവില്‍ 358155 വോട്ടുകളോടെ തരൂര്‍ ജയം ഉറപ്പിക്കുകയായിരുന്നു. 16077 വോട്ടുകളുടെ ലീഡിലാണ് വിജയം. കടുത്ത മത്സരം കാഴ്‌ചവച്ച രാജീവ് ചന്ദ്രശേഖര്‍ 342078 വോട്ടുകളോടെ തരൂരിന് തൊട്ടുപിന്നാലെ നിലയുറപ്പിച്ചപ്പോള്‍ എല്‍ഡിഎഫിന്‍റെ പന്ന്യൻ രവീന്ദ്രൻ നേടിയത്247648 വോട്ടുകളാണ്. 6753 നോട്ടയും ഉണ്ടായിരുന്നു.
വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മിനിട്ടുകളില്‍ ചരിത്രം ആവര്‍ത്തിക്കും എന്ന സൂചന നല്‍കി യുഡിഎഫ് ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് ബിജെപി ലീഡ് പിടിച്ചിരുന്നു. കഴിഞ്ഞ തവണത്തെ പോലെ തന്നെ ബിജെപി തലസ്ഥാനം പിടിക്കുമെന്ന പ്രതീതി ജനിപ്പിച്ച് ലീഡ് നില ഇരുപതിനായിരത്തിന് മുകളില്‍ എത്തിച്ചതിന് ശേഷം പതുക്കെ രണ്ടാം സ്ഥാനത്തേയ്‌ക്ക് മാറുകയായിരുന്നു. വോട്ടെണ്ണലിന്‍റെ കൂടുതല്‍ സമയവും കോൺഗ്രസ് തന്നെയാണ് ലീഡ് നിലനിര്‍ത്തിയത്. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ പോലും എല്‍ഡിഎഫിന് ലീഡ് ചെയ്യാന്‍ സാധിച്ചില്ല.
കേരളത്തിലെ വിഐപി മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. ഇക്കുറി മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ പോളിങ്ങായ 66.46 ശതമാനമാണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് തങ്ങളെ ബാധിക്കില്ലെന്നാണ് മൂന്ന് മുന്നണികളും വിലയിരുത്തുന്നത്.
ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലത്തില്‍ രണ്ടാം മോദി സര്‍ക്കാരിലെ ഐടി സഹ മന്ത്രിയും ഐടി വിദഗ്‌ധനുമായ രാജീവ് ചന്ദ്രശേഖറിനെ രംഗത്ത് ഇറക്കിയത് മികച്ച വിജയം ലക്ഷ്യമിട്ടാണ്. ബിജെപിയുടെ താരമൂല്യമുള്ള സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം. എന്നാല്‍ ശശി തരൂര്‍ കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ സ്ഥാനാര്‍ഥിയാണ്. 2009ലും 2014ലും 2019ലും തിരുവനന്തപുരത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ച നേതാവാണ് തരൂര്‍.
മറ്റ് സ്ഥാനാര്‍ഥികളുടേത് പോലെ വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ ജനങ്ങള്‍ക്കൊപ്പം എന്ന് മാത്രം പറഞ്ഞാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായ പന്ന്യന്‍ രവീന്ദ്രന്‍ തന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2004ല്‍ തിരുവനന്തപുരത്തെ എംപിയായി തെരഞ്ഞെടുക്കപ്പെട്ട പി കെ വാസുദേവന്‍നായരുടെ ആകസ്‌മിക നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ രംഗത്ത് ഇറക്കിയത് പന്ന്യന്‍ രവീന്ദ്രനെ ആയിരുന്നു. അങ്ങനെ പതിനാലാം ലോക്‌സഭയില്‍ പന്ന്യന്‍ രവീന്ദ്രന്‍ അംഗമായി.