കണ്ണൂർ:കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ വിജയിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. 112575 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. എൽഡിഎഫ് സ്ഥാനാർഥി എംവി ജയരാജനും എൻഡിഎ സ്ഥാനാർഥി സി രഘുനാഥനെയും പരാജയപ്പെടുത്തിയാണ് കണ്ണൂർ ലോക്‌സഭ മണ്ഡലത്തിൽ കെ സുധാകരൻ വിജയിച്ചത്.
നിലവിലെ കണ്ണൂര്‍ എംപിയും കെപിസിസി പ്രസിഡന്‍റുമായ കെ സുധാകരനും സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയും കരുത്തനായ നേതാവുമായ എംവി ജയരാജനുമാണ് മണ്ഡലത്തില്‍ ഏറ്റുമുട്ടിയത്. 66.47 ശതമാനമായിരുന്നു ഇത്തവണ കണ്ണൂരിലെ പോളിങ്. 517099 വോട്ടുകളാണ് കെ സുധാകരന് ലഭിച്ചത്. എല്‍ഡിഎഫിന്‍റെ എംവി ജയരാജന്‍ 408834 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥിന് 119496 വോട്ടുകള്‍ കിട്ടി.
ജനവിധി എന്ത് തന്നെ ആയാലും അത് സംസ്ഥാനത്തെ കോൺഗ്രസിനെയും സിപിഎമ്മിനെയും ബാധിക്കുമെന്നതിനാൽ എല്ലാവരും ഉറ്റുനോക്കിയിരുന്ന മണ്ഡലങ്ങളിലൊന്നാണ് കണ്ണൂർ ലോക്‌സഭ മണ്ഡലം. ഇടതുകോട്ട എന്ന പേരുണ്ടെങ്കിലും ലോക്‌സഭയില്‍ അധികവും യുഡിഎഫിനെ പിന്തുണച്ച ചരിത്രമാണ് കണ്ണൂരിനുള്ളത്.
ആകെ 13,58,368 വോട്ടർമാർ ആണ് മണ്ഡലത്തിലുള്ളത്. 2019 നേക്കാൾ 91,809 വോട്ടര്‍മാരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. 64,6181 പുരുഷ വോട്ടർമാരും 71,2181 സ്ത്രീ വോട്ടർമാരും 6 ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാരുമാണ് മണ്ഡലത്തിലുള്ളത്.
സംസ്ഥാന സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു യുഡിഎഫിന്‍റെ മണ്ഡലത്തിലെ പ്രചാരണം. പാനൂരിലുണ്ടായ ബോംബ് നിർമ്മാണവും തുടര്‍ന്നുണ്ടായ സ്ഫോടനവും, തെരഞ്ഞെടുപ്പിന്‍റെ അവസാന ലാപ്പില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫിന് കിട്ടിയ മികച്ച രാഷ്‌ട്രീയ ആയുധമായിരുന്നു.
ജില്ലയിലെ അക്രമ രാഷ്‌ട്രീയവും രക്തസാക്ഷി പട്ടികയും യുഡിഎഫ് പ്രചാരണത്തിലുടനീളം എടുത്ത് കാട്ടിയിരുന്നു. ദേശീയ തലത്തിലുള്ള കോണ്‍ഗ്രസിന്‍റെ ക്ഷീണവും കൂറുമാറ്റവും എടുത്ത് കാട്ടിയായിരുന്നു സിപിഎമ്മിന്‍റെ പ്രചാരണം. ധർമ്മടം നിയോജക മണ്ഡലത്തിലെ മുൻ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സി രഘുനാഥ് ആണ് ലോക്‌സഭ തെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥി.
2004 ന് ശേഷം എൽഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി വിജയിപ്പിച്ച ചരിത്രമാണ് കണ്ണൂരിന്‍റേത്. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാൻ സിപിഎം ജില്ല സെക്രട്ടറിയായിരുന്ന എംവി ജയരാജനെ തന്നെ എൽഡിഎഫ് കളത്തിലിറക്കിയതും മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കി.