തിരുവനന്തപുരം :ആറ്റിങ്ങലില്‍ ട്വിസ്‌റ്റുകള്‍ക്ക് അവസാനം. അവസാന വോട്ടും എണ്ണികഴിഞ്ഞപ്പോള്‍ 684 വോട്ടുകളോടെ ലീഡോടെ അടൂര്‍ പ്രകാശ് വിജയിച്ചു. 3,28,051 വോട്ടുകളോടെയാണ് പ്രകാശ് മണ്ഡലത്തില്‍ പ്രകാശം പരത്തിയത്. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെയാണ് മണ്ഡലത്തില്‍ പടപൊരുതിയത്. അവസാന നിമിഷം എല്‍ഡിഎഫിന്‍റെ വി ജോയ് 3,27,367വോട്ടുകളോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. കേന്ദ്രമന്ത്രി വി മുരളീധരനും മൂന്നലക്ഷത്തിന് മുകളില്‍ വോട്ട് നേടി എന്നതും ശ്രദ്ധേയമാണ്. 3,11,779 വോട്ടുകളാണ് മുരളീധരന്‍ സ്വന്തമാക്കിയത്. വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ആറ്റിങ്ങലില്‍ കാണാന്‍ കഴിഞ്ഞത് കടുത്ത മത്സരമായിരുന്നു അത് വോട്ടെണ്ണലിന്‍റെ അവസാന ഘട്ടം വരെ നീണ്ടുനിന്നു എന്നത് ശ്രദ്ധേയമാണ്.
2014-ല്‍ 69,378 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച അഡ്വ. എ സമ്പത്തിനെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് അത്ര പരിചിതനല്ലാതെ എത്തിയ അടൂര്‍ പ്രകാശ് 38,247 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് മറികടന്നത്. ഈ വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് വീണ്ടും സിറ്റിങ് എംപിയ്‌ക്ക് ഒരു അവസരം കൂടി നല്‍കിയപ്പോള്‍ ഇടതുമുന്നണി കളത്തിലിറക്കിയത് ആറ്റിങ്ങലിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതനായ വര്‍ക്കല നിയോജക മണ്ഡലം എംഎല്‍എയും സിപിഎം ജില്ല സെക്രട്ടറിയുമായിരുന്ന വി ജോയിയെ. 2019-ല്‍ 25 ശതമാനത്തോളം വോട്ട് പിടിച്ചിടത്ത് കേന്ദ്രമന്ത്രി വി മുരളീധരനെ എൻഡിഎ മത്സരിപ്പിച്ചതിലും നയം വ്യക്തം.