തിരുവനന്തപുരം: 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആഞ്ഞു വീശിയ അതേ യുഡിഎഫ് കൊടുങ്കാറ്റ് ഇത്തവണയും കേരളത്തില്‍ ആഞ്ഞു വീശിയപ്പോള്‍ കേരളത്തിലെ എല്‍ഡിഎഫ് കോട്ടകള്‍ തകര്‍ന്നടിഞ്ഞു. 2019 ല്‍ ആലപ്പുഴയിലൂടെയാണ് സിപിഎമ്മും എല്‍ഡിഎഫും കേരളത്തില്‍ പിടിച്ചു നിന്നതെങ്കില്‍ ഇത്തവണ അത് ആലത്തൂരിലൂടെ ആയെന്ന വ്യത്യാസം മാത്രം.
2019 ല്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിച്ചതു വഴി അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ തെറ്റിദ്ധരിച്ചതാണെന്നും ഇക്കുറി അതുണ്ടാകില്ലെന്നുമായിരുന്നു സിപിഎം പ്രധാന വാദമെങ്കില്‍ ഇത്തവണത്തെ പരാജയത്തിന് എന്തു ന്യായീകരണം കണ്ടെത്തണമെന്നറിയാതെ കുഴങ്ങുകയാണവര്‍.
ഇത്തവണ കുറഞ്ഞത് 5 സീറ്റുകളിലെങ്കിലും വിജയം പ്രതീക്ഷിച്ച് മാനം കാക്കാനായി പോരിനിറങ്ങിയ സിപിഎമ്മിന് ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്‌ണന്‍റെ വിജയം മാത്രമാണ് മാനം രക്ഷിച്ചത്. സിപിഎം കളത്തിലിറക്കിയ പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വര്‍ക്കല എംഎല്‍എയുമായ വി ജോയി, കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ എന്നിവര്‍ പരാജയപ്പെട്ടു.
കാസര്‍കോട് സിറ്റിങ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും ആറ്റിങ്ങലില്‍ സിറ്റിങ് എംപി അടൂര്‍ പ്രകാശും കണ്ണൂരില്‍ സിറ്റിങ് എംപിയും കെപിസിസി പ്രസിഡന്‍റുമായ കെ സുധാകരനുമാണ് കരുത്തരായ സിപിഎം ജില്ലാ സെക്രട്ടറിമാരെ പരാജയപ്പെടുത്തിയത്. പാലക്കാട് സിറ്റിങ് എംപി വികെ ശ്രീകണ്‌ഠനു മുന്നില്‍ പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവും തോല്‍വി സമ്മതിക്കേണ്ടി വന്നു.
കഴിഞ്ഞ തവണ കേരളത്തില്‍ സിപിഎമ്മിന്‍റെ മാനം കാത്ത ആലപ്പുഴയില്‍ കോണ്‍ഗ്രസിന്‍റെ ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഒരിടവേളയ്ക്കു ശേഷം മത്സരിച്ച് സീറ്റു തിരിച്ചു പിടിച്ചു. കൊല്ലത്ത് എം മുകേഷിനെ ഇറക്കി ആര്‍എസ്‌പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍റെ പടയോട്ടം തടയാമെന്ന കണക്കു കൂട്ടലും പാളി. കണ്ണൂരില്‍ സിപിഎമ്മിന്‍റെ പരമ്പരാഗത വൈരിയായ സുധാകരന്‍റെ പടുകൂറ്റന്‍ ജയം സിപിഎമ്മിന്‍റെ ഉറക്കം കെടുത്താന്‍ പോന്നതാണ്.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തു പോലും സുധാകരന്‍ ലീഡ് നേടിയെന്നത് സിപിഎം കേന്ദ്രങ്ങളില്‍ പോലും ഞെട്ടലുളവാക്കുന്നതാണ്. മുതിര്‍ന്ന നേതാക്കളായ എളമരം കരിം, എം വി ജയരാജന്‍, മുന്‍ മന്ത്രിമാരായ കെകെ ശൈലജ, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവരുടെ പരാജയം സിപിഎമ്മിന് ഒരിക്കലും ഉള്‍ക്കൊള്ളാനകുന്നതല്ല.