തിരുവനന്തപുരം:മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരില്‍ 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. 1,42,799 പേരാണ് സംസ്ഥാനത്ത് ഇതുവരെ വീട്ടില്‍ വോട്ടു ചെയ്‌തത്. ഇതിൽ 85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഉൾപ്പെടുന്നു. വീട്ടില്‍ വോട്ട് പ്രക്രിയ ഏപ്രില്‍ 25 വരെ തുടരും.
പൊലീസ്, മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് സംഘത്തിന്‍റെ സന്ദര്‍ശനം സംബന്ധിച്ച വിവരം സ്ഥാനാര്‍ത്ഥികളെയോ, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളെയോ മുന്‍കൂട്ടി അറിയിക്കുമെന്നും വോട്ടുരേഖപ്പെടുത്തിയ ബാലറ്റുകള്‍ സീല്‍ ചെയ്‌ത മെറ്റല്‍ ബോക്‌സുകളില്‍ ശേഖരിക്കുകയും പിന്നീട് സുരക്ഷിതമായി സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിക്കുകയുമാണ് ചെയ്യുന്നതെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.
ഈ പ്രവര്‍ത്തനങ്ങളെല്ലാം സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന്‍റെ രഹസ്യ സ്വഭാവം പൂര്‍ണമായി നിലനിര്‍ത്തിക്കൊണ്ടാണ് നടത്തിവരുന്നത്. വീട്ടില്‍ വോട്ടു ചെയ്യുന്നവരുടെ വിവരങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിനു വേണ്ടി എന്‍ഐസി തയ്യാറാക്കിയിട്ടുള്ള അവകാശം പോര്‍ട്ടലിലൂടെ അപ്പപ്പോള്‍ ലഭ്യമാക്കുകയും നിരീക്ഷിക്കുകയും ചെയ്യാന്‍ കഴിയുന്ന ക്രമീകരണം ഉണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.