ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം ലോക്‌സഭയില്‍ തുടങ്ങി. സ്വതന്ത്ര ഇന്ത്യയുടെ 92-ാം ബജറ്റാണിത്. രാവിലെ 11 മണിക്ക് തന്നെ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ ബജറ്റ് അവതരണം ആരംഭിച്ചു. 10 മേഖലകളായി തിരിച്ചുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി തുടക്കത്തിൽ പറഞ്ഞു.
മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണിത്. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ബജറ്റ് ശാക്തീകരിക്കും. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റിൽ വികസനത്തിനാണ് മുൻതൂക്കം. സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമാണെന്ന് ധനമന്ത്രി പറഞ്ഞു.
ബജറ്റ് അവതരണം ആരംഭിക്കുന്നതിന് മുമ്പേ പ്രതിപക്ഷ ബഹളം തുടങ്ങി. എന്നാൽ ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്നറിയിച്ച് സ്പീക്കർ നടപടികളാരംഭിക്കുകയായിരുന്നു. ഇതോടെ ബജറ്റവതരണം നടക്കുന്നതിനിടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.