എൻകെ പ്രേമചന്ദ്രനായി വോട്ടഭ്യർത്ഥിച്ച് രേവന്ത് റെഡ്ഡി കൊല്ലം: കേരള ബിജെപിയുടെ അനൗദ്യോഗിക അധ്യക്ഷനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കേന്ദ്ര അന്വേഷണ ഏജൻസികൾ പിണറായിയെ ചോദ്യം ചെയ്യാത്തതും അറസ്‌റ്റ് ചെയ്യാത്തതും അതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. തെലങ്കാനയെ ചന്ദ്രശേഖരറാവു കൊള്ളയടിച്ചതിന് തുല്യമാണ് പിണറായി കേരളത്തെ കൊള്ളയടിക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ബിജെപിക്കും മോദിക്കും വേണ്ടിയാണ് പിണറായിയുടെ പ്രവർത്തനങ്ങൾ. യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ വിഭജിച്ച് ബിജെപിയെ സഹായിക്കുക എന്നതാണ് പിണറായിയുടെ ലക്ഷ്യം. ഇടതു പക്ഷത്തിന് ചെയ്യുന്ന വോട്ടുകൾ മോദിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചവറയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി.
ഈ തെരഞ്ഞെടുപ്പ് മോദി പരിവാറും രാഹുൽ പരിവാറും തമ്മിലുള്ള യുദ്ധമാണ്. കേന്ദ്ര ഏജൻസികളും അംബാനിയും അദാനിയും എല്ലാം മോദി കുടുംബത്തിലെ ആളുകളാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രിയും അതിന്‍റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യ മുന്നണി ഭരണം പിടിക്കുകയും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവുകയും ചെയ്യുമെന്നും രേവന്ത് റെഡ്ഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കെഎംഎൽ ജങ്‌ഷൻ മുതൽ ചവറ വരെയായിരുന്നു റോഡ് ഷോ. നൂറുകണക്കിന് വാഹനങ്ങളും പ്രവർത്തകരുമാണ് അദ്ദേഹത്തെ അനുഗമിച്ച് എത്തിയത്. സ്ഥാനാർഥി എൻകെ പ്രേമചന്ദ്രനും യുഡിഎഫ് നേതാക്കൾക്കും റോഡ് ഷോ നടക്കുന്ന വാഹനത്തിന്‍റെ അടുത്ത് എത്തിച്ചേരാൻ കഴിയാത്ത വിധം പ്രവർത്തകർ നിറഞ്ഞിരുന്നു.
Also Read: 'പിണറായി വിജയനെ കേന്ദ്രം ജയിലിലാക്കാത്തത് എന്തുകൊണ്ട്?' കോട്ടയത്തും ചോദ്യമാവര്‍ത്തിച്ച് രാഹുൽ ഗാന്ധി