തിരുവനന്തപുരം: വിവാഹ ദിനത്തിൽ വോട്ട് ചെയ്യാനെത്തുന്ന നവദമ്പതികൾ തെരഞ്ഞെടുപ്പ് കാലത്തെ സ്ഥിരം കൗതുക കാഴ്‌ചയാണ്. എന്നാൽ അൽപം വ്യത്യസ്‌തമാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി അരുൺ മോഹന്‍റെയും ലക്ഷ്‌മിയുടെയും വിവാഹം. തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് ദിവസം ഇരുവരുടെയും വിവാഹം. വോട്ട് തിരുവനന്തപുരത്തും.
വധു ലക്ഷ്‌മി വട്ടിയൂർക്കാവ്, മൂന്നാംമൂട്, മഞ്ചമ്പാറയിലെ സി പി ഐ എം ബ്രാഞ്ച് അംഗവുമാണ്. വിവാഹ സമ്മാനമായി അരുണിനോട് ലക്ഷ്‌മി ആവശ്യപ്പെട്ട ഒരേ ഒരു കാര്യം വോട്ട് നിർബന്ധമായും ചെയ്യണമെന്ന് മാത്രമാണ്. 7:45ന് ആയിരുന്നു വിവാഹം.
വിവാഹത്തിന് ശേഷം തിരുവനന്തപുരത്ത് നിന്നും കല്യാണത്തിന് പോയ സംഘത്തിലെ 10 പേരുമായി 10:40ന് തൃശൂരിൽ നിന്നും പുറപ്പെടുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസിൽ. അങ്ങനെ കല്യാണ സംഘം രണ്ടായി പിരിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടു. കല്യാണത്തിന് മുൻപുള്ള വധുവിനെ ഒരേയൊരു ആവശ്യം നിറവേറ്റേണ്ടതല്ലെ എന്നാണ് അരുൺ പറയുന്നത്.
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ തന്നെ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് വധു ലക്ഷ്‌മി. കല്യാണത്തിന് പോയ സംഘത്തിലെ 10 പേർ മാത്രമാണ് നവദമ്പതികളോടൊപ്പം നാട്ടിലെത്തിയത്. ബാക്കിയുള്ളവർ നാട്ടിൽ നിന്നും ഗുരുവായൂരിലേക്ക് പോയ ട്രാവലർ വാഹനത്തിൽ തിരികെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിലെ കാച്ചാണി ഏണിക്കര എൽ പി സ്‌കൂളിലാണ് അരുൺ വോട്ട് രേഖപ്പെടുത്തിയത്.