തിരുവനന്തപുരം: ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടമായ ഏപ്രിൽ 26ന് കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. വെള്ളിയാഴ്‌ച രാവിലെ ഏഴ് മണിക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. 5,34,394 പേർ ഇത്തവണ കന്നിവോട്ടർമാരാണ്. ആദ്യമായി വോട്ട് ചെയ്യാനായി പോകുന്നവർക്ക് ആശയക്കുഴപ്പങ്ങൾ ഏറെയായിരിക്കും. വോട്ടർമാരുടെ സംശയ നിവാരണത്തിനായി വോട്ടെടുപ്പ് പ്രക്രിയ എങ്ങനെയെന്ന് നോക്കാം.
വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ:
- സമ്മതിദായകന്‍ പോളിംഗ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു.
- വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫിസര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു.
- ഫസ്‌റ്റ് പോളിങ് ഓഫിസര്‍ വോട്ടറുടെ ഇടതു കയ്യിലെ ചൂണ്ടു വിരലില്‍ മഷി പുരട്ടുകയും സ്ലിപ്പ് നല്‍കുകയും ഒപ്പിടുകയും ചെയ്യുന്നു.
- പോളിങ് ഓഫിസര്‍ സ്ലിപ്പ് സ്വീകരിക്കുകയും വോട്ടറുടെ വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യുന്നു.
- വോട്ടു ചെയ്യുന്നതിന് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വോട്ടര്‍ എത്തുന്നു.
അപ്പോള്‍ മൂന്നാം പോളിങ് ഓഫിസര്‍ ബാലറ്റ് യൂണിറ്റ് വോട്ടിങിന് സജ്ജമാക്കുന്നു. അപ്പോള്‍ യൂണിറ്റിലെ റെഡി ലൈറ്റ് പ്രകാശിക്കുന്നു. ശേഷം വോട്ടര്‍ തനിക്ക് താൽപര്യമുള്ള സ്ഥാനാര്‍ഥിക്ക് നേരെയുള്ള ഇവിഎമ്മിലെ (ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ) നീല ബട്ടണ്‍ അമര്‍ത്തുന്നു. അപ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു. ഉടന്‍ തന്നെ വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ്, വിവിപാറ്റ് യന്ത്രം പ്രിന്‍റ് ചെയ്യുകയും 7 സെക്കന്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നുള്ള ബീപ് ശബ്‌ദം വോട്ടു രേഖപ്പെടുത്തി എന്ന് ഉറപ്പു വരുത്തുന്നു.
വിവിപാറ്റില്‍ ബാലറ്റ് സ്ലിപ്പ് കാണാതിരിക്കുകയോ ബീപ് ശബ്‌ദം കേള്‍ക്കാതിരിക്കുകയോ ചെയ്‌താല്‍ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടുക. വോട്ട് ചെയ്‌ത ശേഷം പ്രിന്‍റ് ചെയ്‌ത സ്ലിപ്പ് തുടര്‍ന്ന് വിവിപാറ്റ് യന്ത്രത്തില്‍ സുരക്ഷിതമായിരിക്കും. വോട്ടവകാശമുള്ള എല്ലാ യുവജനങ്ങളും സമ്മതിദാനാവകാശം വിനിയോഗിച്ച് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അഭ്യര്‍ത്ഥിച്ചു.
Also Read: രണ്ടാംഘട്ടം വെള്ളിയാഴ്‌ച, 88 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്, പ്രധാന മണ്ഡലങ്ങള്‍, സ്ഥാനാര്‍ഥികള്‍ ; അറിയേണ്ടതെല്ലാം