എറണാകുളം: മെട്രോ നഗരത്തെ ഇളക്കി മറിച്ച്, തെരഞ്ഞെടുപ്പ് ആവേശം വാരി വിതറിയാണ് കൊച്ചിയിലെ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു മുന്നണി സ്ഥാനാർഥികളുടെ പ്രചാരണ കൊട്ടിക്കലാശം നടന്നത്. ജനാധിപത്യത്തിൻ്റെ ഉത്സവമാണ് തെരഞ്ഞെടുപ്പെന്ന വിശേഷണത്തെ അന്വർത്ഥമാക്കുന്നതായിരുന്നു പരസ്യപ്രചാരണത്തിൻ്റെ അവസാന ദിവസത്തെ പ്രകടനങ്ങൾ.
യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ്റെ കൊട്ടിക്കലാശത്തിനു മുന്നോടിയായുള്ള റോഡ് ഷോ വൈകിട്ട് അഞ്ചോടെ മണപ്പാട്ടിപ്പറമ്പിൽ നിന്നാണ് ആരംഭിച്ചത്. തുടർന്ന് ടൗൺ ഹാൾ പരിസരത്ത് നൂറുകണക്കിന് പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു റോഡ് ഷോ സമാപിച്ചത്. കാവടിയും നാടൻ കലാരൂപങ്ങളും നൂറുകണക്കിന് പ്രവർത്തകരും തീർത്ത ആവേശത്തിനിടയിലേക്കായിരുന്നു തുറന്ന ജീപ്പിൽ ഹൈബി ഈഡനെത്തിയത്.
മുദ്രാവാക്യം വിളിച്ചും സെൽഫി എടുത്തും പ്രവർത്തകർ കൊട്ടിക്കലാശത്തെ ആഘോഷമാക്കി. സ്ഥാനാർഥിക്കൊപ്പമെത്തി സിനിമ താരങ്ങളായ രമേശ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും ഹൈബിക്ക് വോട്ടഭ്യർത്ഥിച്ച് സംസാരിച്ചു. കൊടികൾ വീശിയും നൃത്തം ചെയ്‌തും പ്രവർത്തകരും സ്ഥാനാർഥിയും ആറു മണി വരെ കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി.
അതേസമയം ഇടതു മുന്നണി സ്ഥാനാർഥി കെ ജെ ഷൈൻ ടീച്ചറുടെ കൊട്ടിക്കലാശം പലാരിവട്ടം ജങ്‌ഷനിലായിരുന്നു. രാവിലെ തൃപ്പൂണിത്തുറയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ സമാപിച്ചത് പാലാരിവട്ടത്താണ്. തൃക്കാക്കര, കൊച്ചി, എറണാകുളം, വൈപ്പിൻ, പറവൂർ, തൃപ്പൂണിത്തുറ, കളമശ്ശേരി മണ്ഡലത്തിലൂടെ വൻ ജനാവലിയുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയാണ് റോഡ് ഷോ പാലാരിവട്ടത്തെ സമാപന കേന്ദ്രത്തിലെത്തിയത്.