എറണാകുളം: ലൈംഗികാഭിമുഖ്യം മാറ്റാനെന്ന പേരിലുള്ള അശാസ്ത്രീയ ചികിത്സക്കെതിരെ നിയമപോരാട്ടവുമായി സ്വവർഗ്ഗ പങ്കാളികൾ. കോടതിയുടെ സഹായത്തോടെ ഒന്നായ അഭീഭയും സുമയ്യയുമാണ് നിയമ പോരാട്ടത്തിന് ഇറങ്ങിയത്. ഹർജി ഫയലിൽ സ്വീകരിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ബന്ധപ്പെട്ട എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്‌ചയ്ക്ക് ശേഷം ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും (Lesbian Couple Filed Case Against sexual orientation Surgery).
ലൈംഗിക ആഭിമുഖ്യം (Sexual Orientation) മാറ്റാനുള്ള ചികിത്സ എന്ന പേരിൽ അതിക്രൂരമായ പീഡനത്തിനാണ് തങ്ങളെ വിധേയരാക്കിയത്. രാജ്യത്തെ മാനസികാരോഗ്യ നിയമത്തിന് വിരുദ്ധമായ ഇത്തരം ‘ലൈംഗികാഭിമുഖ്യം മാറ്റൽ’ ചികിത്സ നിരോധിക്കണമെന്നും, ചികിത്സയുടെ പേരിൽ മാനസികവും ശാരീരികവുമായി ഉപദ്രവിച്ച ആശുപത്രിക്കും ഡോക്‌ടർക്കുമെതിരെ നടപടി വേണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
മലപ്പുറം സ്വദേശികളായ ഹർജിക്കാർ പഠന കാലത്ത് പ്രണയത്തിലാവുകയും പ്രായപൂർത്തിയായതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്‌തവരാണ്. എന്നാല്‍ വീട്ടുകാർ പ്രണയം കണ്ടെത്തിയതോടെ ഇരുവരും താമസസ്ഥലത്ത് നിന്ന് ഒളിച്ചോടി.
അഭീഭയുടെ മാതാപിതാക്കൾ ഇതിനിടെ മകളെ കാണാനില്ലെന്ന് പരാതി നൽകി. എറണാകുളം പുത്തൻകുരിശിൽ താമസിച്ച് മൊബൈൽ കടയിൽ ജോലി ചെയ്‌ത് വരുന്നതിനിടെ അഭീഭയെ ബന്ധുക്കൾ ബലമായി പിടിച്ചു കൊണ്ടു പോയി. തുടർന്ന് അഭീഭയ്‌ക്ക് കോഴിക്കോട്ടെ ഒരാശുപത്രിയിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു എന്നാണ് ഹർജിയിൽ പറയുന്നത്.