കാസർകോട്:കണ്ണൂർ ജില്ലയിലെ ആറളം കാട്ടാന ഭീതിയിൽ ആണെങ്കിൽ സമീപ ജില്ലയായ കാസർകോട്ടെ പല ഗ്രാമങ്ങളും പുലി ഭീതിയിലാണ്. കാടും നാടും ഇടകലർന്നു നിൽക്കുന്ന നിരവധി പ്രദേശങ്ങളുണ്ട് കാസർകോട് ജില്ലയിൽ. ഏതു നിമിഷവും തങ്ങൾക്ക് മുന്നിലേക്ക് പുലി ചാടി വീഴുമെന്ന ഭീതിയിലാണ് ഇവിടെയുള്ള ജനങ്ങൾ ഓരോ ദിവസവും തള്ളി നീക്കുന്നത്.
വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഞായറാഴ്‌ച പുലി കുടുങ്ങിയതാണ് ഇപ്പോഴുള്ള ആശ്വാസം. കുളത്തൂർ നിടുവോടിൽ വനം വകുപ്പ് അധികൃതർ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലിയുടെ അലർച്ച കേട്ട് പ്രദേശവാസികൾ സ്ഥലത്തെത്തിയപ്പോഴാണ് പുലിയെ കൂട്ടിൽ കണ്ടത്. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
പുലി ആരോഗ്യവതി ആണെന്ന് കണ്ടെത്തിയതോടെ ഉൾവനത്തിലേക്ക് തുറന്നു വിട്ടു. കഴിഞ്ഞ ദിവസം പുലിയെ കണ്ടെത്തിയ സ്ഥലത്തു നിന്ന് അധികൃതർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാദങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. രണ്ടാഴ്‌ച മുമ്പ് കുളത്തൂരിൽ തുരങ്കത്തിൽ കുടുങ്ങിയ പുലിയെ മയക്കു വെടി വയ്ക്കാനുള്ള ശ്രമത്തിനിടെ രക്ഷപ്പെട്ടിരുന്നു.
അഡൂരില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ പുലിയെ ചത്തനിലയിലും കണ്ടെത്തിയിരുന്നു. ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് ചത്ത പുലിയെ കണ്ടെത്തിയത്. മല്ലംപാറയിൽ കെണിയിൽ കുടുങ്ങിയ പുലിയും ചത്തിരുന്നു. ഇങ്ങനെ പല വിധത്തിൽ പുലി ഭീതി നിരന്തരം ജനങ്ങളെ വേട്ടയാടുന്നു. പുലിയെ നേരിട്ട് കണ്ടവരും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരും നിരവധിയാണ്.
ജില്ലയിൽ പുലിയേ ഇല്ലെന്നു പറഞ്ഞിരുന്ന വനംവകുപ്പ് ഇപ്പോൾ ഒന്നിൽ കൂടുതൽ പുലികൾ ഉണ്ടെന്നാണ് പറയുന്നത്. പുലി സാന്നിധ്യം ഉണ്ടെന്നു കണ്ടെത്തിയ സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നു ഡിഎഫ്ഒ അഷ്‌റഫ് പറഞ്ഞു. പുലിയെ കണ്ടതായി പരാതിപ്പെടുന്ന ഇടങ്ങളിൽ ക്യാമറയും കൂടും സ്ഥാപിക്കുമെന്നും വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങാതിരിക്കാൻ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഓരോ ദിവസവും ഈ പ്രദേശങ്ങളിൽ ജനിച്ചു വളർന്നവർ ക്യാമറയിൽ പുലി കുടുങ്ങണേ എന്ന പ്രാർഥനയുമായി ജീവിക്കുകയാണ്. ക്യാമറ സ്ഥാപിച്ചാലും ആ നാടിന്‍റെ മറ്റൊരറ്റത്തു മണിക്കൂറുകൾക്കുള്ളിൽ വീണ്ടും പുലിയെ കാണും. ഇതാണ് അവസ്ഥയെന്നു നാട്ടുകാർ പറയുന്നു. 2024 മേയ് മുതലാണ് ജില്ലയിൽ പുലിയെ കണ്ടുതുടങ്ങിയത്.
ഒക്ടോബർ മുതൽ പുലി വ്യാപകമായി തുടങ്ങി. വനാതിർത്തിയുള്ള പഞ്ചായത്തുകളിലാണ് പുലിയെ കൂടുതലായി കണ്ടത്. രാത്രിയിൽ മാത്രമല്ല, ജില്ലയിൽ പകൽ സമയങ്ങളിൽപോലും പുലികളെ കാണാൻ തുടങ്ങിയതോടെ ജനങ്ങൾ കടുത്ത ആശങ്കയിലായി. റബ്ബർ തോട്ടത്തിലും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും പുലിയെ കണ്ടു.
വനാതിർത്തി പഞ്ചായത്തുകളിൽ മാത്രമല്ല തീരദേശ പഞ്ചായത്തുകൾ പോലും പുലിപ്പേടിയിലാണെന്നു നാട്ടുകാർ പറയുന്നു. ദേലംപാടി, മുളിയാർ,പിലിക്കോട് കാറഡുക്ക, ബളാൽ, കിനാനൂർ, കരിന്തളം, മടിക്കൈ, പടന്ന, ഈസ്റ്റ് എളേരി, മംഗൽപാടി, പെരിയ പഞ്ചായത്തുകളിലാണ് ഇതുവരെ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ പറയുന്നത്. ജില്ലയിൽ പലയിടത്തായി കഴിഞ്ഞ ആറുമാസത്തിനിടെ പുലിഭീതി ഉയർത്തുന്ന 50 ഓളം സംഭവങ്ങളുണ്ടായി.
കൂടും ക്യാമറയുമൊക്കെ മുറയ്ക്കു സ്ഥാപിക്കുന്നെങ്കിലും പരിഹാരം മാത്രമില്ല. ആർക്കെങ്കിലും ജീവഹാനി ഉണ്ടാകുന്നതിനു മുമ്പ് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. പുലി മനുഷ്യരെ ആക്രമിക്കില്ലെന്ന വാദം ശരിയല്ല. ഏതു സമയത്തു വേണമെങ്കിലും പുലി മുന്നിലെത്തിയ ആളുകളെ ആക്രമിക്കാമെന്നും വിദഗ്‌ധർ പറയുന്നു.
ജോലിയെ ബാധിച്ചു, റബ്ബർമേഖല പ്രതിസന്ധിയിൽ