തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും വന്‍ വിജയമാക്കിഡല്‍ഹി ജന്തര്‍മന്ദര്‍ സമരം മാറിയതില്‍പ്പിടിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങള്‍ക്ക് എല്‍ഡിഎഫ് തുടക്കമിട്ടു. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയതും ട്രഷറി നിയന്ത്രണവും അടക്കമുള്ള സംസ്ഥാനത്തിന്‍റെ സാമ്പത്തിക പരാധീനതകള്‍ സര്‍ക്കാരിന്‍റെ ധൂര്‍ത്തും പിടിപ്പുകേടുമാക്കി പ്രതിപക്ഷം സര്‍ക്കാരിനെതിരെ തിരിയുമ്പോഴാണ് ഉത്തരവാദിത്തം കേന്ദ്രത്തിന്‍റെ തലയില്‍ വെച്ച് എല്‍ഡിഎഫ് മറുതന്ത്രം മെനഞ്ഞത്.
സമരത്തില്‍ അഖിലേന്ത്യാ നേതാക്കളും രണ്ട് മുഖ്യമന്ത്രിമാരെയും കൂടി പങ്കെടുപ്പിച്ചതോടെ തങ്ങള്‍ ഉയര്‍ത്തിയ പ്രശ്‌നത്തിന് അഖിലേന്ത്യാ ശ്രദ്ധ നേടാനായി എന്നതിന്‍റെ ആഹ്ളാദത്തില്‍ കൂടിയാണ് എല്‍ഡിഎഫ്. മാത്രമല്ല, ഈ സമരത്തിന് അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് ലഭിച്ച പിന്തുണ കൂടിയായതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടു എന്ന വിലയിരുത്തലും സിപിഎമ്മിനും എല്‍ഡിഎഫിനുമുണ്ട്.
ഫലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു പക്ഷേ ആഞ്ഞു വീശിയേക്കാവുന്ന സര്‍ക്കാര്‍ വിരുദ്ധ തരംഗത്തെ കേന്ദ്ര സര്‍ക്കാരിലേക്ക് തിരിച്ചുവിടാനുള്ള തന്ത്രപരമായ സമീപനം കൂടിയാണ് കേരളത്തിലെ ഭരണമുന്നണി സ്വീകരിച്ചിരിക്കുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേതിനു സമാനമായ ഒരു തിരിച്ചടി ഇത്തവണ എല്‍ഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല, ഇത്തവണ നിലമെച്ചപ്പെടുത്തുക എന്നതും എല്‍ഡിഎഫിന് ആവശ്യമാണ്.
പ്രതിപക്ഷം പുച്ഛിച്ചു തള്ളിയ നവകേരള സദസും കേരളീയവും ജനങ്ങളില്‍ ഉണ്ടാക്കിയ ചലനത്തിന്‍റെ അളവുകോല്‍ കൂടിയായി തെരഞ്ഞെടുപ്പു ഫലത്തെ എല്‍ഡിഎഫ് കാണുന്നു. ആ ലക്ഷ്യത്തിലേക്ക് മികച്ച തുടക്കമിടാന്‍ ഡല്‍ഹി ജന്തര്‍മന്ദര്‍ സമരത്തിന് സാധിച്ചു എന്ന ആത്മവിശ്വാസവും നേതൃത്വത്തിനുണ്ട്.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് സിംഗ് മാന്‍, മുന്‍ ജമ്മുകശ്‌മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള, മുന്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ കപില്‍ സിബല്‍, ആശംസ സന്ദേശമയച്ച് പിന്തുണയറിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവരുടെ സാന്നിധ്യം ദേശീയ തലത്തില്‍ തന്നെ മോദി സര്‍ക്കാരിനെതിരായി കേരളത്തിലെ എല്‍ഡിഎഫ് മുന്നില്‍ നിന്നു നയിച്ച ഒരു സമരമായി വ്യാഖ്യാനിക്കപ്പെടുമെന്നും അത് കേരളത്തിലെ ന്യൂന പക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും മുസ്ലീങ്ങളില്‍ എല്‍ഡിഎഫിന് അനുകൂലമായ വന്‍ ചലനം സൃഷ്‌ടിക്കുമെന്ന കണക്കു കൂട്ടലില്‍ കൂടിയാണ് സംസ്ഥാനത്തെ സിപിഎം, എല്‍ഡിഎഫ് നേതൃത്വങ്ങള്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല.