കോഴിക്കോട് : അർജുനെ അവസാനമായി യാത്രയാക്കുന്നതിന് കണ്ണാടിക്കലിലെ വീട്ടിൽ ഒരുക്കങ്ങൾ പൂർത്തിയായി. പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കണ്ട് കണ്ണീർപ്പൂക്കൾ അർപ്പിക്കാൻ നാടുമുഴുവൻ കണ്ണാടിക്കലുള്ള അർജുൻ്റെ വീട്ടിലേക്ക് ഒഴുകിയെത്തി. ജനപ്രതിനിധികളും കൂട്ടുകാരും ബന്ധുക്കളും ലോറി തൊഴിലാളികളും തുടങ്ങി വിവിധ മേഖലയിലുള്ളവരും അതിരാവിലെ തന്നെ കണ്ണാടിക്കലില്‍ എത്തിയിട്ടുണ്ട്.
വീട്ടുവളപ്പിൽ ചിത ഒരുക്കുന്നതിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഇന്ന് പുലർച്ചെ തന്നെ പൂര്‍ത്തിയായി. വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വച്ച ശേഷം ആയിരിക്കും അർജുൻ്റെ ഭൗതിക ശരീരം ചിതയിലേക്കെടുക്കുക. പുലർച്ചെ മുതൽ തന്നെ അർജുന്‍റെ ഭൗതികശരീരം കൊണ്ടുവരുന്ന വഴികളിൽ എല്ലാം ധാരാളം പേരാണ് അന്തിമോപചാരമർപ്പിക്കാൻ കാത്തുനിന്നത്.
കോഴിക്കോട് ബൈപ്പാസിൽ പൂളാടിക്കുന്ന് മുതൽ വൻജനാവലിയുടെ സാന്നിധ്യത്തിലാണ് അര്‍ജുന്‍റെ ചേതനയറ്റ ശരീരം വീട്ടിലേക്ക് കൊണ്ടുവരുന്നത്. അർജുന്‍റെ ഭൗതികശരീരം വീട്ടിലെത്തുന്നതോടെ ഒരു നാടിൻ്റെ ആകെ രണ്ട് മാസത്തിലേറെയുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
Also Read: നോവായി അര്‍ജുന്‍, ജന്മനാട്ടിലേക്ക് ഒടുവിലെ മടക്കം; ആദരാഞ്ജലി അര്‍പ്പിച്ച് വഴിനീളെ ആയിരങ്ങള്‍