തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമർദ്ദം ഫെങ്കൽ ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ഉച്ചയ്ക്ക് ശേഷം ( നവംബർ 30) കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗതയിൽ ചുഴലിക്കാറ്റ് കര തൊട്ടേക്കും എന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് കേരളത്തിലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ടുള്ളത്.