മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്, ധനമന്ത്രി നിര്‍മല സീതാരാമന്‍റെ തുടര്‍ച്ചയായ എട്ടാം ബജറ്റ്... നാളെ (ഫെബ്രുവരി 1) പ്രഖ്യാപിക്കുന്ന കേന്ദ്ര ബജറ്റിന് വിശേഷണങ്ങള്‍ ഏറെയാണ്. ബജറ്റിന് തൊട്ടുമുന്‍പുള്ള നടപടിക്രമമെന്നോണം ധനമന്ത്രി ഇന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടേയും മേശപ്പുറത്തു വെച്ചു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും സുസ്ഥിരതയും പ്രതിപാദിച്ച 2024-25 വര്‍ഷത്തെ സാമ്പത്തിക സര്‍വേയില്‍ കേരളത്തിനും അഭിമാനിക്കാനുള്ള വകയുണ്ട്.
പറഞ്ഞുവന്നത് രണ്ടുകാര്യങ്ങളെ കുറിച്ചാണ്. ആദ്യത്തേത്, കൃഷി ആവശ്യത്തിന് ഭൂമി പാട്ടത്തിന് നല്‍കുന്നതില്‍ കേരളം മാതൃകയെന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെക്കുറിച്ച്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പുരുഷ-വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് മൂന്നിലധികം വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിന് നല്‍കുന്ന കേരളത്തിന്‍റെ പദ്ധതിയാണ് സാമ്പത്തിക സര്‍വേയില്‍ ഇടം പിടിച്ചത്.
1872ലെ ഇന്ത്യന്‍ ഉടമ്പടി നിയത്തില്‍ കാലാനുസൃതമായ മാറ്റങ്ങളോടെയാണ് കേരളം ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. കരാര്‍ പ്രകാരം പാട്ടക്കാരന്‍ ഭൂവുടമയ്‌ക്ക് ലാഭത്തിന്‍റെ വിഹിതമോ നിശ്ചിത പ്രതിഫലമോ നല്‍കുന്നു. ഗ്രാമപഞ്ചായത്ത് കൂടി ഇതില്‍ പങ്കാളിയാണ്.പഞ്ചായത്താണ് പാട്ടക്കരാറിന് ഗ്യാരണ്ടി നില്‍ക്കുന്നത്. കരാര്‍ രേഖാമൂലമുള്ളതായതിനാല്‍ പാട്ടക്കാരനോ, പാട്ടക്കാരായ സംഘത്തിനോ വായ്പ ലഭിക്കാനും ,വിള ഇന്‍ഷൂര്‍ ചെയ്യാനും സാധിക്കും.മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
ഭൂമിയെ ഫലപുഷ്‌ടമായി സൂക്ഷിക്കാന്‍ പാട്ടക്കാരനെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതി. സ്വയം സഹായ സംഘങ്ങള്‍ കൃഷിയിറക്കുന്ന സാഹചര്യത്തില്‍, സ്വയം കൃഷിചെയ്യുന്നതിനെക്കാള്‍, കാര്‍ഷിക കാര്യക്ഷമതയില്‍ വര്‍ധനവുണ്ടാകുന്നു. 85 ശതമാനത്തിലധികം പേരും കുറഞ്ഞ വരുമാനമുള്ളവരായതിനാല്‍, ദരിദ്രർക്ക് ഭൂമി ലഭ്യത മെച്ചപ്പെടുത്താനും ഈ സംരംഭം സഹായിച്ചിട്ടുണ്ട്.
രണ്ടാമത്തേത്, ഇടുക്കിയിലെ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിനെ കുറിച്ചാണ്. അല്‍പം കൂടി വ്യക്തമാക്കിയാല്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ നൂതന മാലിന്യ സംസ്‌കരണ സംരംഭത്തെ കുറിച്ച്. പാരിസ്ഥിതികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കുന്നതില്‍ സാമൂഹ്യ ശാക്തീകരണത്തിന്‍റെ പങ്ക് ഊന്നിപ്പറയുന്ന പഞ്ചായത്തിന്‍റെ മാതൃകയെ സാമ്പത്തിക സര്‍വേ വാനോളം പുകഴ്‌ത്തി. മാലിന്യ സംസ്‌കരണത്തിലെ 'ഇരട്ടയാര്‍ മോഡല്‍' പരിസ്ഥിതി സംരക്ഷണത്തിനുമപ്പുറം തൊഴില്‍ സാധ്യത, പ്രത്യേകിച്ച് സ്‌ത്രീകള്‍ക്ക്, തുറന്നിടുക കൂടിയാണ്.
മാലിന്യ സംസ്‌കരണത്തിലെ ഇരട്ടയാര്‍ മോഡല്‍
വീടുകള്‍ തോറും കയറിയിറങ്ങിയുള്ള മാലിന്യ ശേഖരണം, സാധനങ്ങള്‍ കണ്ടെത്തുക, റീസൈക്ലിങ് എന്നിങ്ങനെയാണ് ഇരട്ടയാറിലെ മാലിന്യ സംസ്‌കരണ സംരംഭം പ്രവര്‍ത്തിച്ചുവരുന്നത്. പ്രദേശത്തെ 4,600ലധികം വീടുകളിലും 500 സ്ഥാപനങ്ങളിലും സംരംഭത്തിന്‍റെ സേവനം ലഭ്യമാണ്. 30ഓളം സ്‌ത്രീകള്‍ ഈ സംരംഭത്തിന്‍റെ ഭാഗമായി ജോലി ചെയ്‌തുവരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.