കേരളം

kerala

ETV Bharat / state

കൃഷ്‌ണദാസിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍, സിപിഎം ഭാഷയെന്ന് പ്രതിപക്ഷ നേതാവ്

കൃഷ്‌ണദാസ് പ്രസ്‌താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി.

KRISHNADAS JOURNALISTS TO DOG  CPM  OPPOSITION LEADER  V D SATHEESAN
kuwj protest against nn krishnadas (ETV Bharat)

By ETV Bharat Kerala Team

Published : Oct 26, 2024, 3:29 PM IST

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരെ ഇറച്ചിക്കടയ്ക്കു മുന്നിലെ നായ്ക്കളെന്ന് അധിക്ഷേപിച്ച മുന്‍ പാലക്കാട് എംപിയും സിപിഎം നേതാവുമായ എന്‍എന്‍ കൃഷ്‌ണദാസിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൃഷ്‌ണദാസ് പ്രസ്‌താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ നേരിട്ടു കണ്ട് അറിയിക്കും. മുകള്‍ത്തട്ട് മുതല്‍ താഴെ തട്ടുവരെയുള്ള സിപിഎം നേതാക്കളുടെ ഭാഷയാണ് കൃഷ്‌ണദാസിലൂടെ പുറത്തു വന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്‌ത കൃഷ്‌ണദാസിന്‍റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന നേതാവിന് യോജിക്കുന്ന തരത്തിലുള്ള മാന്യതയും സഭ്യതയും അദ്ദേഹത്തില്‍ നിന്നുണ്ടാകാതിരുന്നത് അങ്ങേയറ്റം നിരാശാജനകമാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനു പകരം അത്യന്തം പ്രകോപിതനായി ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നതു പോലെ മാധ്യമ പ്രവര്‍ത്തകര്‍ പോയി നില്‍ക്കുമെന്ന തരം താണ പ്രതികരണമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. അങ്ങനെയൊന്നും പറയേണ്ട കാര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെ തന്നെ പറയുമെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു.

സ്വന്തം പാര്‍ട്ടിക്കാര്‍ വിലക്കിയിട്ടും കൃഷ്‌ണദാസ് മാധ്യമ അധിക്ഷേപം തുടരുകയായിരുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് എല്ലാ മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും വാര്‍ത്തകള്‍ ഒരേ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പൊട്ടിത്തെറികളും പ്രതിഷേധങ്ങളും കല്ലുകടികളുമുണ്ടാകുമ്പോള്‍ സ്വാഭാവികമായും വാര്‍ത്തയായി മാറും. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം ആവര്‍ത്തിക്കുന്നവരാണ് ഇത്തരത്തില്‍ അരിശം കൊണ്ട് നിലവിട്ട് പെരുമാറുന്നതെന്നും യൂണിയന്‍ പ്രസ്‌താവനയില്‍ കുറ്റപ്പെടുത്തി.

സിപിഎമ്മിന്‍റെ താഴെത്തട്ടു മുതല്‍ മുകള്‍ത്തട്ടുവരെയുള്ളവരുടെ ഇപ്പോഴത്തെ ഭാഷയാണ് കൃഷ്‌ണദാസിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ഏതെല്ലാം ചോദ്യങ്ങളാണ് മാധ്യമങ്ങള്‍ തങ്ങളോടു ചോദിക്കുന്നത്. അപ്പോള്‍ സ്‌നേഹത്തോടെയും സംയമനത്തോടെയുമാണ് തങ്ങള്‍ സംസാരിക്കുന്നത്. പരിഭവമുണ്ടെങ്കില്‍ അക്കാര്യം മാധ്യമങ്ങളോടു പറയും. പക്ഷേ കഴിഞ്ഞ ദിവസത്തെ സിപിഎം നേതാവിന്‍റെ ഭാഷ സിപിഎമ്മിന്‍റെ ഇപ്പോഴത്തെ ഭാഷയാണെന്ന് സതീശന്‍ ആരോപിച്ചു.

Also Read:അധിക്ഷേപ പരാമർശം; കൃഷ്‌ണദാസിനെ തള്ളി ഇടത് നേതാക്കള്‍

ABOUT THE AUTHOR

...view details