തിരുവനന്തപുരം:കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാളെ (ജൂണ്‍ 14) കൊച്ചിയിൽ എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലേക്ക് പുറപ്പെട്ടു. മന്ത്രിമാരായ കെ.രാജനും പി.രാജീവും ഉടൻ കൊച്ചിയിലേക്ക് പുറപ്പെടും. നാളെ രാവിലെ 8.30യോടെയാകും മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കുക.
മരിച്ചവരുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കാനായി നോർക്ക ആംബുലൻസ് സംഘത്തെ തയ്യാറാക്കും. ഇതിന്‍റെ മുന്നൊരുക്കങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനാണ് നോർക്ക വകുപ്പിന്‍റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി ഇന്ന് (ജൂണ്‍ 13) രാത്രി തന്നെ കൊച്ചിയിലേക്ക് പുറപ്പെട്ടത്.
കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 23 മലയാളികളുടെ മരണമാണ് നോർക്ക ഇതുവരെ സ്ഥിരീകരിച്ചത്. മരിച്ചവരുടെ മൃതദേഹം വിമാനത്താവളത്തിൽ നിന്നും വീടുകളിൽ എത്തിക്കാൻ നോർക്ക സൗജന്യ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ അടിയന്തര സഹായമായി നൽകാൻ ഇന്ന് (ജൂണ്‍ 13) രാവിലെ ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചിരുന്നു. നോർക്കയുടെ സെക്രട്ടറി കൂടിയായ യൂസഫ് അലി 5 ലക്ഷം രൂപയും പ്രവാസി വ്യവസായിയായ രവി പിള്ള 2 ലക്ഷം രൂപയും സഹായം നൽകാമെന്നും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
മരണം സ്ഥിരീകരിച്ച മലയാളികളുടെ പേര്:
- രഞ്ജിത്ത് (34) കുണ്ടടുക്ക, കാസര്‍കോട്
- കേളു പൊന്മലേരി (58) തൃക്കരിപ്പൂര്‍ കാസര്‍കോട്
- നിതിന്‍ കുത്തൂര്‍ പയ്യന്നൂര്‍, കണ്ണൂര്‍
- വിശ്വാസ് കൃഷ്‌ണന്‍ ധര്‍മടം, കണ്ണൂര്‍
- എം.പി ബാഹുലേയന്‍ (36) പുലാമന്തോള്‍, മലപ്പുറം
- കോതപറമ്പ് കുപ്പന്‍റെ പുരക്കല്‍ നൂഹ് (40) തിരൂര്‍, മലപ്പുറം
- ബിനോയ് തോമസ് (44) ചാവക്കാട്, തൃശൂര്‍
- സ്റ്റെഫിന്‍ ഏബ്രഹാം സാബു (29) പാമ്പാടി, കോട്ടയം
- ഷിബു വര്‍ഗീസ് (38) പായിപ്പാട്, കോട്ടയം
- ശ്രീഹരി പ്രദീപ് (27) ചങ്ങനാശ്ശേരി, കോട്ടയം
- ആകാശ് ശശിധരന്‍ നായര്‍ (31) പന്തളം, പത്തനംതിട്ട
- മാത്യു തോമസ് (54) നിരണം, പത്തനംതിട്ട
- സിബിന്‍ ടി എബ്രഹാം (31) കീഴ്‌വായ്പ്പൂര്‍, പത്തനംതിട്ട
- തോമസ് ഉമ്മന്‍ (37) തിരുവല്ല, പത്തനംതിട്ട
- പി.വി മുരളീധരന്‍ (68) വള്ളിക്കോട്, പത്തനംതിട്ട
- സജു വര്‍ഗീസ് (56) കോന്നി, പത്തനംതിട്ട
- ലൂക്കോസ് (സാബു 48) വെളിച്ചിക്കാല, കൊല്ലം
- ഷമീര്‍ ഉമറുദ്ദീന്‍ (30) ശൂരനാട്, കൊല്ലം
- സാജന്‍ ജോര്‍ജ് (29) പുനലൂര്‍, കൊല്ലം
- അരുണ്‍ ബാബു നെടുമങ്ങാട്, തിരുവനന്തപുരം
- അനീഷ് കുമാർ, കണ്ണൂർ
- ശ്രീജേഷ് തങ്കപ്പൻ നായർ, തിരുവനന്തപുരം
- സുരേഷ് എസ്.പിള്ള, കൊല്ലം
Also Read:കുവൈറ്റിലെത്തിയത് അഞ്ച് ദിവസം മുന്‍പ്; നോവായി ബിനോയ് തോമസ്