പത്തനംതിട്ട:കുവൈറ്റിലെ മംഗഫിലെ ഫ്ലാറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ധനസഹായം കൈമാറി. അപകടത്തിൽ മരിച്ച പത്തനംതിട്ട ജില്ലയിൽ നിന്നുള്ള രണ്ട് കുടുംബങ്ങള്‍ക്കാണ് മന്ത്രി വീണാ ജോര്‍ജ് ധനസഹായം കൈമാറിയത്. നോര്‍ക്കയിലൂടെയുള്ള ധനസഹായവും ഇന്നലെ (ജൂലൈ 5) കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എംഎ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്‌ടറുറുമായ ഡോ രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്‍റുമായ ബാബു സ്‌റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോർക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നൽകിയത്.
വാഴമുട്ടം,വള്ളിക്കോട് പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ മുരളീധരന്‍ നായർ, കോന്നിത്താഴം അട്ടച്ചാക്കല്‍ ചേന്നശ്ശേരില്‍ വീട്ടിൽ സജു വര്‍ഗീസ് എന്നിവരുടെ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ധനസഹായം ലഭിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് വീടുകളിലെത്തി ധനസഹായം കൈമാറിയത്.