കേരളം

kerala

ETV Bharat / state

കുവൈറ്റ് ദുരന്തം: മൃതദേഹങ്ങളുമായി വ്യോമസേനാവിമാനം കൊച്ചിയില്‍ - Kuwait fire accident - KUWAIT FIRE ACCIDENT

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക്.

BODIES OF KERALITES REACHED  KUWAIT FIRE MALAYALI DEATH  കുവൈറ്റ് ദുരന്തം  കുവൈറ്റ് തീപിടിത്തം മരണം
Kuwait fire accident (ETV Bharat)

By ETV Bharat Kerala Team

Published : Jun 14, 2024, 6:52 AM IST

Updated : Jun 14, 2024, 1:14 PM IST

മൃതദേഹങ്ങള്‍ കൊച്ചിയില്‍ (ETV Bharat)

എറണാകുളം :കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാവിലെ 10.30ഓടെയാണ് മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കും.

മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിമാനം കുവൈറ്റില്‍ നിന്ന് നേരത്തേ പുറപ്പെട്ടിരുന്നു. മൃതദേഹങ്ങൾ വിമാനത്താവളത്തിൽ നിന്നും വിവിധ ജില്ലകളിലെ വീടുകളിൽ എത്തിക്കാൻ നോർക്ക സൗജന്യ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് അകമ്പടിയോടെയായിരിക്കും മൃതദേഹങ്ങൾ വീടുകളിലെത്തിക്കുക.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജൻ, പി രാജീവ്, വീണ ജോര്‍ജ്, റോഷി അഗസ്റ്റിന്‍, ആന്‍റോ ആന്‍റണി എംപി എന്നിവരും നെടുമ്പാശ്ശേരിയില്‍ എത്തിയിട്ടുണ്ട്.

നോർക്ക വകുപ്പിന്‍റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വ്യാഴാഴ്‌ച രാത്രിതന്നെ കൊച്ചിയിലെത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സർക്കാർ 5 ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്. നോർക്കയുടെ സെക്രട്ടറി കൂടിയായ എംഎ യൂസഫലി 5 ലക്ഷം രൂപയും പ്രവാസി വ്യവസായിയായ രവി പിള്ള 2 ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചിരുന്നു.

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവർ കൊച്ചിയിലെത്തിയ സാഹചര്യത്തിലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിൻ്റെ സമയം മാറ്റിയത്.

തീപിടിത്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പടെ 31 ഇന്ത്യക്കാരുടെ മൃതദേഹമാണ് വ്യോമസേന വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുന്നത്. ഇതിൽ ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും, ഒരു കർണാടക സ്വദേശിയുടെയും മൃതദേഹം ഉൾപ്പെടുന്നു. തമിഴ്‌നാട്, കർണാടക അധികൃതർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. ഇവരുടെ മൃതദേഹങ്ങള്‍ റോഡുമാര്‍ഗമാകും ജന്മനാട്ടിലെത്തിക്കുക.

ബുധനാഴ്‌ച (ജൂണ്‍ 12) ആണ് കുവൈറ്റിലെ മാംഗഫ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്‍റില്‍ തീപിടിത്തമുണ്ടായത്. 200ലധികം തൊഴിലാളികള്‍ അപകട സമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

മലയാളി വ്യവസായിയായ കെജി എബ്രഹാമിന്‍റെ എന്‍ബിടിസി കമ്പനിയുടെ കീഴിലുള്ളതാണ് അപകടം നടന്ന ആറുനില കെട്ടിടം. ഈ കമ്പനിയിലെ ജോലിക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. അപകടത്തില്‍ 49ഓളം ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പുറമെ തമിഴ്‌നാട്, ഉത്തരേന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടം നടന്നപ്പോള്‍ വാതിലുകള്‍ തുറക്കാനായില്ല എന്നും കൂടുതല്‍ പേരും പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ കുവൈറ്റ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിച്ചില്ല; ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ കുവൈറ്റ് യാത്ര മുടങ്ങി - VEENA GEORGE KUWAIT TRIP CANCELLED

Last Updated : Jun 14, 2024, 1:14 PM IST

ABOUT THE AUTHOR

...view details