കാസർകോട്:തെരഞ്ഞെടുപ്പ് ഇങ്ങടുത്തു, വയസ് 111 ആയെങ്കിലും വോട്ട് ചെയ്യാനുള്ള ആവേശം കുപ്പച്ചിയമ്മയ്ക്ക് മാറിയിട്ടില്ല. തെരഞ്ഞെടുപ്പിനെ കുറിച്ച് പറയുമ്പോൾ തന്‍റെ അവശതയൊക്കെ കുപ്പച്ചിയമ്മ മറക്കും. ഇഎംഎസിന്‍റെ കാലം തൊട്ട് വോട്ട് ചെയ്‌ത കഥകളുടെ കെട്ടഴിക്കും. ചിലതൊക്കെ തപ്പിയും തടഞ്ഞും ഓർത്തെടുക്കും. കൊച്ചു മക്കളോടും തെരഞ്ഞെടുപ്പിന്‍റെ കാര്യങ്ങൾ പറഞ്ഞു കൊടുക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തുവെന്നും ഇത്തവണയും വോട്ട് ചെയ്യുമെന്നും പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ട് കാഞ്ഞങ്ങാട് വെള്ളിക്കോത്തെ സി കുപ്പച്ചിയമ്മ പറയുമ്പോൾ വോട്ടിന്‍റെ പ്രാധാന്യം എത്രയുണ്ടെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ അച്‌ഛന്‍റെ കൂടെ ആണ് വോട്ട് ചെയ്യാൻ പോയതെന്ന് കുപ്പച്ചി ഓർക്കുന്നു.
കാസർകോട്ടെ പ്രായം കൂടിയ വോട്ടർ ആണ് ഇവർ. സംസ്ഥാനത്തെ പ്രായം കൂടിയ വോട്ടർ ആകാനും സാധ്യതയുണ്ട്. ഇഎംഎസിന്‍റെ കടുത്ത ആരാധികയാണ് കുപ്പച്ചിയമ്മ. വെള്ളിക്കോത്ത് മഹാകവി പി സ്‌മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂളിലെ 20 ആം നമ്പർ ബൂത്തിലെ വോട്ടറാണ്.