കാസർകോട്: നൂറ്റി പതിനൊന്നാം വയസിലും ജനാധിപത്യത്തിലെ തന്‍റെ അവകാശം രേഖപ്പെടുത്തി താരമായിരിക്കുകയാണ് സി കുപ്പച്ചി. കാഞ്ഞങ്ങാട് നിയമസഭ മണ്ഡലത്തിലെ പാര്‍ട്ട് 20-ലെ 486-ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് സി കുപ്പച്ചി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ വോട്ട് പ്രക്രിയയുടെ ഭാഗമായാണ് കുപ്പച്ചി വോട്ട് രേഖപ്പെടുത്തിയത്. പോളിങ് ഉദ്യോഗസ്ഥർ വെള്ളിക്കോത്ത് അടാട്ട് കൂലോത്തു വളപ്പിലെ സി.കുപ്പച്ചിയുടെ വീട്ടിലെത്തിയാണ് വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കിയത്.
ലോക്‌സഭ മണ്ഡലം വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ജില്ലാ കളക്‌ടര്‍ കെ ഇമ്പശേഖറിന്‍റെ സാന്നിധ്യത്തില്‍ നടന്ന വോട്ടിലൂടെ 'വീട്ടിലെ വോട്ട്' രേഖപ്പെടുത്തുന്നതിന് കാസര്‍കോട് ലോക്‌സഭ മണ്ഡലത്തില്‍ തുടക്കമായി.
ഒന്നാം പോളിങ് ഉദ്യോഗസ്ഥന്‍ കൃഷ്‌ണ നായിക് പേര് വിളിച്ചു. തിരിച്ചറിയല്‍ രേഖ പരിശോധിച്ചു. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥന്‍ സുബിന്‍ രാജ് ചൂണ്ടുവിരലില്‍ മഷിപുരട്ടി. പിന്നെ കുപ്പച്ചിയമ്മ വിരലടയാളം രേഖപ്പെടുത്തി. വീട്ടില്‍ സജ്ജമാക്കിയ താത്കാലിക വോട്ടിങ് കമ്പാര്‍ട്ട്‌മെന്‍റില്‍ വോട്ട് രേഖപ്പെടുത്തി.
മകന്‍റെ മരുമകള്‍ ബേബിയുടെ സഹായത്തോടെയാണ് ഇത്തവണ കുപ്പച്ചി വോട്ട് ചെയ്‌തത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ഇട്ട കവര്‍ ഒട്ടിച്ച ശേഷം കവര്‍ മെറ്റല്‍ ഡ്രോപ്പ് ബോക്‌സില്‍ നിക്ഷേപിച്ചു. സംസ്ഥാനത്തെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുള്ള ഇവര്‍ കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ്.
വോട്ടെടുപ്പ് നടപടികള്‍ നിരീക്ഷിച്ച ജില്ല കളക്‌ടര്‍ കെ.ഇമ്പശേഖര്‍ കുപ്പച്ചിയമ്മയെ ആശംസയറിയിച്ച് പൂച്ചെണ്ട് നല്‍കി. കളക്‌ടറെ തിരിച്ചറിഞ്ഞപ്പോള്‍ കുപ്പച്ചിയമ്മ സന്തോഷം പങ്കിട്ടു. വീട്ടിലെ വോട്ടിന് സാക്ഷിയാകാന്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളും അയല്‍വാസികളും എത്തിയിരുന്നു. അയല്‍വാസി കാരിച്ചി നെല്‍കതിര്‍ ചെണ്ട് നല്‍കി ജില്ലാ കളക്‌ടറെ സ്വീകരിച്ചു. ജനാധിപത്യത്തിന് കരുത്തുപകരാന്‍ കുപ്പച്ചി അമ്മയെ പോലെ എല്ലാവരും വോട്ട് ചെയ്യണമെന്ന് ജില്ലാ കളക്‌ടര്‍ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്‌ത അവര്‍ മാതൃകയാണെന്നും കളക്‌ടര്‍ പറഞ്ഞു. കാസര്‍ക്കോട്ടെ മറ്റ് നിയമസഭ മണ്ഡലങ്ങളിലും വീട്ടിലെ വോട്ട് ആരംഭിച്ചിട്ടുണ്ട്.
Also Read :വിരലില്‍ 'മഷി പുരളാന്‍' ഇനി ആറു നാള്‍; മായാ മഷിയുടെ കഥയറിയാം... - Poll Ink Story