തിരുവനന്തപുരം : യാത്രക്കാർക്ക് ബസിനുള്ളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെഎസ്ആർടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നു. സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവീസുകളിലും ബസിനുള്ളിൽ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. ലിറ്ററിന് 15 രൂപ നിരക്കിലാണ് കുടിവെള്ളം ലഭ്യമാക്കുന്നത്.
കുടിവെള്ള വിതരണ പദ്ധതിക്കായി സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും തയാറാക്കപ്പെടുന്ന ദാഹജലം കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണെന്ന് മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.