തിരുവനന്തപുരം:മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുക. മെയ് നാലിന് കേസ് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.
ആര്യ രാജേന്ദ്രൻ, ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ കെ എം സച്ചിൻ ദേവ്, സംഭവ സമയം കാറിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് യദുവിന്‍റെ ആവശ്യം. അഞ്ചുപേർ ചേർന്ന് തന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി പൊതുഗതാഗതം സ്‌തംഭിപ്പിച്ചുവെന്നും ഹർജിയിൽ പറയുന്നു. അതേസമയം, ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയിൽ കോടതി നിർദേശം വന്നതിനെത്തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തണമെന്ന ആവശ്യമായിരിക്കും യദുവിന്‍റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ ഉന്നയിക്കുക.