തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം നടപ്പിലാക്കിയ ബ്രീത്ത് അനലൈസർ പരിശോധനകൾക്കും നടപടികൾക്കും ശേഷം, തങ്ങളുടെ ബസുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായെന്ന് കെഎസ്ആർടിസി. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തുന്ന ഇൻടോക്‌സിക്കേഷൻ പരിശോധനയിൽ പോസിറ്റീവ് ഫലങ്ങളിലും വലിയ കുറവുണ്ടായെന്ന് കെഎസ്ആർടിസി ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
മന്ത്രിയുടെ നിർദേശപ്രകാരം ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കാന്‍ പാടുള്ളൂവെന്നാണ് എം ഡി പ്രമോജ് ശങ്കർ ഉത്തരവിറക്കിയത്. ഇതിന്‍റെ ഭാഗമായി ഏപ്രിൽ 7 മുതൽ വിജിലൻസ് ടീം സ്പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാം നടത്തിയിരുന്നു. മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും 137 ജീവനക്കാരെ കണ്ടെത്തി.