കെഎസ്ആർടിസി എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് (Source: Etv Bharat Reporter) തിരുവനന്തപുരം: കെഎസ്ആർടിസി പുതുതായി ആരംഭിച്ച എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ഓടിക്കുന്ന ദൃശ്യങ്ങൾ വൈറലായി. ബസിന്‍റെ ട്രയൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി സെക്രട്ടറിയേറ്റ് മുതൽ തമ്പാനൂർ ബസ് സ്റ്റാൻഡ് വരെയാണ് ഗണേഷ് കുമാർ ബസിന്‍റെ വളയം പിടിച്ചത്.
ബസ് തമ്പാനൂർ ബസ് ടെർമിനലിൽ എത്തിച്ച ശേഷം മന്ത്രിയുടെ വക ഫുൾ മാർക്കും. ബസ് തട്ടാതെയും മുട്ടാതെയുമൊക്കെ നോക്കണമെന്ന ഉപദേശവും മന്ത്രി ഡ്രൈവർക്ക് നൽകി. ട്രയൽ സർവീസിന്‍റെ ഭാഗമായി മാധ്യമപ്രവർത്തകർക്ക് വേണ്ടി ഒരു യാത്രയും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ട്രയൽ സർവീസ്. 21 സ്റ്റോപ്പുകളിലാണ് ബസ് നിർത്തുക. ടാറ്റയുടെ 3300 സിസി ഡീസൽ എഞ്ചിൻ കരുത്തിൽ പ്രവർത്തിക്കുന്ന ബസാണ് മന്ത്രി ഗണേഷ് കുമാർ ട്രയൽ റൺ നടത്തിയത്.
മന്ത്രി ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ മാധ്യമപ്രവർത്തകരും കയറിയതോടെ ബസ് നിറഞ്ഞു. വണ്ടി ഓടി തുടങ്ങുമ്പോൾ ഇത്രയും ആളുകൾ ഉണ്ടെങ്കിൽ നമ്മൾ വിജയിച്ചുവെന്നും മന്ത്രിയുടെ വക കമന്‍റ്.
ALSO READ:'റീഫണ്ടുകൾ പെട്ടെന്ന് കിട്ടും'; ഓൺലൈൻ റിസർവേഷൻ പോളിസി അടിമുടി പരിഷ്‌കരിച്ച് കെഎസ്ആർടിസി