കണ്ണൂര്‍:മലബാറിലെ വൈദ്യുത ഇടനാഴിയുടെ സ്ഥലമെടുപ്പിലെ സ്‌തംഭനാവസ്ഥയ്ക്ക് ഉടന്‍ പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ നൂറുകണക്കിന് കര്‍ഷകര്‍. സ്ഥലമെടുപ്പ് അനിശ്ചിതമായി നീളുന്നത് കാരണം കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ കര്‍ഷകര്‍ നിസഹായരായിരുന്നു. തങ്ങളുടെ ഭൂമി വെട്ടി മുറിക്കപ്പെട്ട അവസ്ഥയിലായത് കൂടാതെ ഭൂമി ഏറ്റെടുക്കുന്നെന്ന അറിയിപ്പ് വന്നതോടെ സ്ഥലത്ത് ഒന്നും ചെയ്യാന്‍ കഴിയാത്ത നിലയും വന്നിരുന്നു.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലൂടെ കടന്നുപോകുന്ന 400 കെവി വൈദ്യുത ലൈനുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകള്‍ക്കുള്ള നഷ്‌ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ഇന്നത്തെ ചര്‍ച്ചയില്‍ പരിഹാരമാകുമെന്ന പ്രതീക്ഷയിൽ കര്‍ഷകര്‍. ഇന്ന് (ഫെബ്രുവരി 11) ഉച്ചയ്ക്ക് വൈദ്യുത മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുന്നത്.
വൈദ്യുത ഇടനാഴിയുടെ പ്രവൃത്തിക്ക് വേണ്ടി സ്ഥലം നഷ്‌ടപ്പെട്ടവര്‍ക്കുള്ള പ്രത്യേക നഷ്‌ടപരിഹാര പാക്കേജ് സംബന്ധിച്ചാണ് ഇന്നത്തെ ചര്‍ച്ച. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 18ന് മന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. അതിനു ശേഷം ജില്ലാ കലക്‌ടര്‍മാരും ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ അതിലൊന്നും തീരുമാനമായിട്ടില്ല.