കോഴിക്കോട് : തിരുവമ്പാടി കെഎസ്ഇബി ഓഫിസ് തകർത്ത സംഭവത്തിൽ നഷ്‌ടപരിഹാരം നൽകാതെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കില്ലെന്ന് കെഎസ്ഇബി. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഓഫിസും ജീവനക്കാരെയും ആക്രമിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പ് നല്‍കിയാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഒരു കാരണവശാലും നഷ്‌ടപരിഹാരം അടക്കാതെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കെഎസ്‌ഇബി മാനേജ്‌മെന്‍റ്. പൊതുമുതല്‍ നശിപ്പിക്കാനായി ആരെയും അനുവദിക്കില്ലെന്നും ആക്രമണത്തില്‍ നഷ്‌ടപരിഹാരം അടച്ചേ തീരുവെന്നും കെഎസ്‌ഇബി മാനേജ്‌മെൻ്റ് അറിയിച്ചു.
പരാതിക്കാര്‍ക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടത്. അതിനു പകരം കെഎസ്ഇബി ഓഫിസ് ആക്രമിക്കുകയല്ല ചെയ്യേണ്ടിയിരുന്നത്. നാളെ മറ്റുള്ളവരും ഇത് പോലെ പ്രതികരിച്ചാല്‍ കെഎസ്ഇബിയുടെ നിലനിൽപ്പ് തന്നെ ഇല്ലാതാവുമെന്ന് കെഎസ്‌ഇബി ചൂണ്ടിക്കാട്ടി.
വീട്ടുകാര്‍ കോടതിയെ സമീപിച്ചാലും നിയപരമായി മുന്നോട്ട് പോകും. ആക്രമണത്തില്‍ മൂന്ന് ലക്ഷം രൂപയാണ് കെഎസ്‌ഇബിയുടെ നഷ്‌ടം. ഇതില്‍ പരാതി ഉണ്ടെങ്കില്‍ ജില്ല കലക്‌ടര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തീരുമാനിക്കുന്ന തുക അടച്ചാല്‍ മതിയെന്നും കെഎസ്‌ഇബി മാനേജ്‌മെന്‍റ് വ്യക്തമാക്കി.
Also Read: തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ആക്രമണം; ആക്രമികളുടെ വീട്ടിലെ ഫ്യൂസ് ഊരിയതിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധം