എറണാകുളം:പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളായ 14 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധിയിൽ സംതൃപ്‌തിയെന്ന് സത്യനാരായണനും, പിവി കൃഷ്‌ണനും. പ്രതിപ്പട്ടികയിലുള്ള മുഴുവൻ പേർക്കും ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും ഇരുവരും വ്യക്തമാക്കി. കോടതി വിധിയെ കുറിച്ച് കൊച്ചിയിൽ ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും, കൃപേഷിന്‍റെയും അച്ഛന്മാർ.
തങ്ങളുടെ പോരാട്ടം തുടരും. കുറ്റവിമുക്തരായ പ്രതികൾക്കെതിരെ നിയമ വിദഗ്‌ധരുമായി ആലോചിച്ച് അപ്പീൽ നൽകും. പതിനാല് പേരെയെങ്കിലും കുറ്റക്കാരെന്ന് തെളിയിക്കാൻ കഴിഞ്ഞതിൽ സംതൃപ്‌തിയുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കട്ടെയെന്നും ശരത് ലാലിന്‍റെ പിതാവ് സത്യനാരായണൻ പറഞ്ഞു.
10 പേരെ വെറുതെ വിട്ടതിൽ വേദനയുണ്ട്. തെറ്റ് ചെയ്‌ത എല്ലാവരും ശിക്ഷിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ ആറു വർഷമായി തങ്ങൾ നടത്തിയ പോരാട്ടത്തിന്‍റെ ഫലമാണ് ഇന്ന് (ഡിസംബര്‍ 28) ലഭിച്ചത്. തന്‍റെ മകനിലൂടെ കോൺഗ്രസ് ശക്തിപ്പെടുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു സിപിഎം അവനെ കൊലപ്പെടുത്തിയത്. എല്ലാവരെയും തകർത്ത് വളരുക എന്നതാണ് സിപിഎം നിലപാട്. വെറുതെ വിട്ടവരെയെല്ലാം തനിക്ക് അറിയാം. അവർക്കെല്ലാം ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും സത്യനാരായണൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
14 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിയിൽ സന്തോഷമെന്ന് കൃപേഷിന്‍റെ അച്ഛൻ പിവി കൃഷ്‌ണൻ പ്രതികരിച്ചു. എല്ലാ പ്രതികളെയും ശിക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സിപിഎം നേതാക്കളെ കുറ്റക്കാരെന്ന് കണ്ടെത്തിയതിൽ വളരെയധികം സന്തോഷമുണ്ട്. ഒരാൾ പോലും ശിക്ഷിക്കപ്പെടില്ലെന്ന് പറഞ്ഞ് നടക്കുകയായിരുന്നു. അവർക്ക് ഇതൊരു പാഠമാകുമെന്ന് പ്രതീക്ഷിക്കുന്നു. നേതാക്കന്മാരുടെ പിന്തുണയുള്ളത് കൊണ്ടാണ് ഇവർ കത്തിയുമായി ഇറങ്ങുന്നത്. അകത്ത് കിടക്കേണ്ടിവരുമെങ്കിൽ ആരും ഇതിനായി ഇറങ്ങില്ല. പാർട്ടിയുമായി ആലോചിച്ച് നിയമ നടപടി തുടരുമെന്നും പിവി കൃഷ്‌ണൻ പറഞ്ഞു.