കോഴിക്കോട്:പാലാഴിക്ക് സമീപം പ്രവർത്തിച്ചിരുന്ന കണ്ണൂർ അർബൻ നിധിയുടെ കോഴിക്കോട് ജില്ല ഓഫിസിന്‍റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. സേലം കിച്ചിപാളയം സ്വദേശിനി മാരിയമ്മ (28) ആണ് പന്തിരാങ്കാവ് പൊലീസിന്‍റെ പിടിയിലായത്. മൂന്നാഴ്‌ച മുമ്പാണ് അർബന്‍ നിധി എന്ന സ്ഥാപനത്തിൻ്റെ അകത്തു കയറി എയർ കണ്ടീഷണറുകളും അകത്ത് സൂക്ഷിച്ചിരുന്ന ചെമ്പ് കമ്പികളും മറ്റ് ഇലക്‌ട്രോണിക്‌സ് സാധനങ്ങളും മോഷണം നടത്തിയത്.
തുടർന്ന് സ്ഥാപന മാനേജ്മെന്‍റ് പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി. പൊലീസ് പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിൽ ബാംഗ്ലൂരിലെ ബാണാർ ഗട്ട എന്ന സ്ഥലത്ത് പ്രതി ഉണ്ടെന്ന് പൊലീസിന് വ്യക്തമായി.
പന്തീരാങ്കാവ് പൊലീസ് ബാംഗ്ലൂരിലെത്തി അവിടെ നിന്നും പ്രതിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ കൂടെ മറ്റ് രണ്ട് കൂട്ടുപ്രതികളും ഉള്ളതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇവരെ പിടികൂടുന്നതിന് ആവശ്യമായ നടപടികളും പൊലീസിന്‍റെ ഭാഗത്തു നിന്നും ആരംഭിച്ചു. നേരത്തെ കളമശ്ശേരി പൊലീസ് സ്‌റ്റേഷന്‍റെ കീഴിലും ഇവർക്കെതിരെ സമാനമായ കുറ്റത്തിന് കേസ് നിലവിലുണ്ട്.