കോഴിക്കോട് :കടുത്ത വേനലിലും ചതിക്കാതെ നൂറുമേനി വിളവ് തന്ന പച്ചക്കറി കൃഷിയാണ് പെരുവയൽ പുതിയോട്ടിൽ താഴത്തെ വയലിൽ നിറസമൃദ്ധമായി വിളഞ്ഞു നിൽക്കുന്നത്. മുൻപ് വ്യാപാരിയായിരുന്ന വയപ്പുറത്ത് രമേശന്‍റേതാണ് മനസ്സിന് കുളിർമയേകുന്ന ഈ പച്ചക്കറി കൃഷി. റംസാനും വിഷുവും ഒരുമിച്ചു വന്നതോടെ വലിയ ഡിമാൻഡാണ് പുതിയോട്ടിൽ താഴം വയലിലെ പച്ചക്കറികൾക്ക്. എല്ലാത്തരം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ടെങ്കിലും പയറും വെണ്ടയും തന്നെയാണ് ഇവിടെ കൂടുതല്‍ ഉള്ളത്.
വിളവെടുപ്പ് തുടങ്ങിയ പച്ചക്കറികൾക്ക് തോട്ടത്തിൽ തന്നെ ആവശ്യക്കാരെത്തും. ബാക്കിയുള്ളത് പെരുവയൽ അങ്ങാടിയിലെ റോഡരികിലും വില്‍പനയ്ക്ക് എത്തിക്കും. പച്ചക്കറിയിലൂടെ വലിയ സാമ്പത്തിക ഭദ്രത ഉണ്ടാക്കാം എന്ന മോഹങ്ങളൊന്നും രമേശനില്ല. മറിച്ച് രാവിലെയും വൈകിട്ടും തോട്ടത്തിൽ എത്തുമ്പോഴുള്ള മാനസിക ഉല്ലാസം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതെന്നാണ് രമേശന്‍റെ പക്ഷം.