മോഷണത്തിന്‍റെ സിസിടിവി ദൃശ്യം (ETV Bharat) കാസർകോട് : കോടതികളിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടി മുതലുകൾ ലക്ഷ്യമാക്കി കവർച്ച നടത്തുന്ന മോഷ്‌ടാവ് പിടിയിൽ.കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി സനീഷ് ജോർജി(44)നെയാണ് കാസർകോട് പാെലീസ് പിടികൂടിയത്. കോടതികളിലും സർക്കാർ സ്ഥാപനങ്ങളിലും ഉൾപ്പെടെയാണ് ഇയാൾ കവർച്ച നടത്താറ്.
സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അങ്കമാലിയിൽ നിന്ന് ഇയാളെ പിടികൂടിയത്. കാസർകോട് ഡിവൈഎസ്‌പി സി കെ സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
മുൻപ് കോഴിക്കോട്ടെ ഒരു കോടതിയിൽ സനീഷ് ജോർജ് കവർച്ച നടത്തിയപ്പോൾ തൊണ്ടിമുതലായി സൂക്ഷിച്ച 4 പവൻ സ്വർണം കിട്ടി. ഇതോടെയാണ് കോടതികളും സർക്കാർ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കവർച്ച നടത്താൻ തീരുമാനിച്ചത്. ഗൂഗിൾ മാപ്പിലൂടെ സ്ഥലം കണ്ടെത്തി മോഷണം നടത്തുന്നതായിരുന്നു ഇയാളുടെ പതിവ് രീതി.
ഓഗസ്‌റ്റ് 3ന് കാസർകോട് കോടതിയിലെത്തിയ പ്രതി തൊണ്ടിമുതലുകൾ സൂക്ഷിച്ച മുറി ലക്ഷ്യമിട്ടെങ്കിലും സുരക്ഷാ ജീവനക്കാരൻ കണ്ടതോടെ ശ്രമം ഉപേക്ഷിച്ചു. അടുത്തത് നായൻമാർമൂല സ്‌കൂളിൽ. ഓഫിസ് മുറി പൊളിച്ച് മേശയിലുണ്ടായിരുന്ന 500 രൂപ കവർന്നു. നാലാമൈലിലെ മരമില്ലലെത്തി പൂട്ട് പൊളിച്ച് മേശവലിപ്പിൽ ഉണ്ടായിരുന്ന 1.84 ലക്ഷം രൂപയും മോഷ്‌ടിച്ചു. സനീഷിനെതിരെ വിവിധ ജില്ലകളിലായി പതിനഞ്ചിലേറെ കേസുകളുണ്ട്. കട ബാധ്യത കാരണമാണ് മോഷണം ശീലമാക്കിയതെന്നാണ് പ്രതിയുടെ മൊഴി.
Also Read : ഹോംനേഴ്‌സ് എന്ന വ്യാജേന മോഷണം; പ്രതികൾ പിടിയിൽ - Robbery In Pathanamthitta