കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ എക്‌സ്റേ ലാബ് വരുന്നു. ഈ സംവിധാനം നിലവിൽ വന്നു കഴിഞ്ഞാൽ രോഗികളുടെ എക്‌സ്റേ എടുക്കാനായി ഒരു വിരലമർത്തിയാൽ മതിയാകും. ആവശ്യമായ ശരീരഭാഗത്തിന്‍റെ എക്‌സ്റേ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തും. ഒരു മിനിറ്റിനകം തന്നെ എക്‌സ്റേയുടെ കമ്പ്യൂട്ടർ ദൃശ്യം ലഭ്യമാകും.
ഇത് ഇന്‍റർനെറ്റ് വഴി അയക്കാനും ചികിത്സിക്കുന്ന ഡോക്‌ടർമാർക്ക് ഉടൻ പരിശോധിക്കാനും സാധിക്കും. ഏറെ സമയം ലാഭിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ആയിരം മില്ലി ആംപിയർ (എം.എ.) ശേഷിയുള്ള സീലിങ് സസ്പെൻഡഡ് ഓട്ടോട്രക്ക് എന്ന ഉപകരണത്തിലാണ് ഈ സൗകര്യങ്ങൾ വരുന്നത്.