കോഴിക്കോട് : മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിന്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനുമുന്നിൽ ഇന്ന് മുതൽ സമരമിരിക്കും. ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് ഉത്തരമേഖല ഐജി കെ സേതുരാമൻ ഇതുവരെ മറുപടി നൽകാത്ത സാഹചര്യത്തിലാണ് സമരം പുനരാരംഭിക്കുന്നത്.
അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്ന് കഴിഞ്ഞ 21 നാണ് ഡിജിപി പരാതി അന്വേഷിക്കാൻ ഐജിയെ ചുമതലപ്പെടുത്തിയത്. തുടർന്ന് അതിജീവിതയും സമരസമിതി പ്രവർത്തകരും 23 ന് ഐജിയെ കണ്ടു. റിപ്പോർട്ട് നൽകുന്നത് സംബന്ധിച്ച് മൂന്നുദിവസത്തിനകം വിവരം അറിയിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതോടെ അതിജീവിത താത്കാലികമായി സമരം അവസാനിപ്പിക്കുകയായിരുന്നു.