കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷം (ETV Bharat) കോഴിക്കോട്:കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കാർക്കും പ്രിൻസിപ്പലിനുമെതിരെ കേസെടുത്ത് പൊലീസ്. പ്രിൻസിപ്പൽ സുനിൽ കുമാറിന്‍റെ പരാതിയിൽ ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കൊയിലാണ്ടി എസ്എഫ്ഐ ഏരിയ പ്രസിഡന്‍റ് അഭിനവിന്‍റെ പരാതിയിൽ പ്രിൻസിപ്പലിനെതിരെയും സ്റ്റാഫ് സെക്രട്ടറി രമേശനെതിരെയും കേസെടുത്തു. ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്‌ക് രൂപീകരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
എസ്എഫ്ഐ പ്രവർത്തകർ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പ്രിന്‍സിപ്പലിന്‍റെ ആരോപണം. പ്രിൻസിപ്പലും കോളജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പ്രിൻസിപ്പലിന്‍റെ പരാതിയിൽ കണ്ടാലറിയുന്ന ഇരുപതോളം പേർക്കെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു.
അതേസമയം, അധ്യാപകര്‍ മര്‍ദിച്ചെന്ന ആരോപണവുമായി എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളും രംഗത്തെത്തി. തുടർന്ന് അഭിനവിന്‍റെ പരാതിയിൽ കോളജ് പ്രിൻസിപ്പലിനെതിരെയും സ്റ്റാഫ് സെക്രട്ടറിക്ക് എതിരെയും കേസെടുത്തു. അഭിനവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
എസ്എഫ്ഐ പ്രതിഷേധം:സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് കോളജിലേയ്ക്ക് എസ്എഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തും. കോളജ് പ്രിന്‍സിപ്പലിനെയും സ്റ്റാഫ് സെക്രട്ടറിയെയും സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. സ്ഥാപനത്തിലെ സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Also Read: എൻഐടിയിൽ വിദ്യാര്‍ഥികള്‍ക്ക് പിഴയിട്ട സംഭവം: സമരം ചെയ്‌ത എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്